ചരിത്രം

ചരിത്രം

    ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട് പ്രദേശം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ല. മലബാര്‍ ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ പെട്ട സ്ഥലമായിരുന്നു മാവൂര്‍ പഞ്ചായത്ത്. ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. ഇന്നത്തെ മാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കണ്ണിപ്പറമ്പ്ദേശവും പാലങ്ങാട് ദേശവും ഉള്‍പ്പെട്ട ഭൂവിഭാഗം കണ്ണിപറമ്പ് പഞ്ചായത്തും ചെറുപുഴക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളായ ചെറുപ്പ, മണക്കാട് പ്രദേശങ്ങള്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലും ബാക്കിപ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഭാഗം മാവൂര്‍ പഞ്ചായത്തുമായാണ് നിലനിന്നിരുന്നത്.ഇന്ന് മാവൂര്‍ അങ്ങാടിനില്‍കുന്ന പ്രദേശം പണ്ട് പുല്‍പറമ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മാവുകള്‍ കൂട്ടമായി തഴച്ചുവളരുന്ന പ്രദേശമായതിനാലാകണം ഈ പ്രദേശത്തിന് മാവൂര്‍ എന്ന പേര് ലഭിച്ചത്. ഇതിന്റെ ദൃഷ്ടാന്തമായി ഇപ്പോഴും മാവൂര്‍ അങ്ങാടിക്കു സമീപവും പള്ളിയോള്‍, കണ്ണിപറമ്പ് ഭാഗങ്ങളിലും മാവൂര്‍ എന്ന പേരിന്റെ ചരിത്രസ്മാരകമായി പടുകൂറ്റന്‍ മാവുകള്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്നതു കാണാം.ഈ പഞ്ചായത്തിലെ പ്രധാന പ്രദേങ്ങളിലെല്ലാം തന്നെ വലിയ നായര്‍-നമ്പൂതിരി-മുസ്ളീം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ചെറുപ്പ പ്രദേശത്ത് സ്ഥിരമായി അധികാരിയായിരുന്നത് പേരൂര്‍ ഇല്ലത്തെ നമ്പൂതിരിമാരായിരുന്നു.ഈ പ്രദേശം കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ജന്മികുടുംബമായ ചെപ്പങ്ങോട്ട് ഇല്ലം, സാമൂതിരി രാജവംശത്തിലെ താവഴിയായ കിഴക്കെ കോവിലകം എന്നിവരുടെ ജന്മിത്തത്തിലായിരുന്നു എന്ന് രേഖകളില്‍ കാണുന്നു.കണ്ണിപറമ്പ് ഭാഗത്ത് പേരൂര്‍, കാര്യാട്ട് കുടുംബങ്ങളായിരുന്നു പ്രധാനികള്‍. മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയായി നിലനിന്നിരുന്ന ഭൂപ്രദേശത്തെ കണ്ണിപറമ്പ് എന്ന പേര്‍ വിളിക്കാനിടയായി എന്ന് മലബാര്‍ മാന്വുവല്‍ എന്ന ചരിത്ര ഗ്രന്ഥത്തില്‍ കാണുന്നു. മാത്രമല്ല പുരാണ കഥാപാത്രങ്ങളിലെ മഹര്‍ഷിവര്യനായിരുന്ന കണ്വമഹര്‍ഷി ഈ പ്രദേശങ്ങളിലെവിടെയോ മോക്ഷപ്രാപ്തിക്കുവേണ്ടി തപസ്സനുഷ്ഠിച്ചു എന്ന് വിശ്വസിക്കുന്നു. ഈ മഹര്‍ഷിയുടെ പേരിനോടുസാദൃശ്യപ്പെടുത്തി ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേര്‍ ലഭിച്ചു എന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. മാവൂര്‍-കണ്ണിപറമ്പ് അംശം ദേശത്തില്‍ എടലകുളത്ത് പറമ്പത്ത്, പാലക്കോള്‍, പാലങ്ങാട്, വീട്ടിക്കാട്ട് എന്നീ നമ്പൂതിരി ഇല്ലങ്ങളുടെ ഊരാളന്‍ വകയാണ് കല്‍ച്ചിറ ശ്രീനരസിംഹ മൂര്‍ത്തി ക്ഷേത്രം. നല്ലുവീട്ടില്‍ കുടുംബത്തിന്റെ വകയായി മാവൂര്‍ കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തായി ഒരു അമ്പലവും, കളരിയും ഉണ്ടായിരുന്നു. ഇത് 1965-70 കാലഘട്ടത്തില്‍ കണിയാത്ത് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.അക്കാലത്ത് ഈ പ്രദേശത്തെ പ്രധാനപ്പെട്ട മുസ്ളീം തറവാട്ടുകാരായിരുന്നു പറമ്പന്‍മാര്‍. മാവൂരിലെ ആദ്യത്തെ മുസ്ളീം ആരാധനാകേന്ദ്രമായിരുന്നു പാറമ്മല്‍ പ്രദേശത്ത് ഇപ്പോഴും സ്ഥിതി ചെയ്യുന്ന കുന്ദമംഗലം പള്ളി. മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി കിഴക്കന്‍ കരകാവില്‍ താലപ്പൊലിക്ക് വെടിപൊട്ടിക്കാനുള്ള അവകാശം ഗുരുക്കന്മാരുടെ പ്രതീകമായി കിഴക്കെ തൊടിക മുസ്ളീം തറവാട്ടുകാര്‍ക്കായിരുന്നു. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള മുഴുവന്‍ പ്രദേശങ്ങളും നടുവിലേത്ത് ഇല്ലം, മഞ്ഞക്കോട്ട് തറവാട്ടുകാര്‍ എന്നിവരുടെ അധീനതയിലായിരുന്നു. സാമൂതിരിരാജാവിന്റെ പടനായകന്‍മാരായിരുന്നു ഇവര്‍ ‍. ഈ കുടുംബത്തില്‍പ്പെട്ടവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തലകാപ്പു നായര്‍ , മൂത്ത നായര്‍ , ഇളയ നായര്‍ ഏറ്റവും പ്രായം കുറഞ്ഞ ആളെ ഉണ്ണിപണിക്കര്‍ എന്നും വിളിച്ചിരുന്നു. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജാതീയമായ ഉച്ചനീചത്വങ്ങള്‍ അക്കാലത്ത് നടപ്പിലുണ്ടായിരുന്നു, കോലുകുത്തിയും, ശീലകെട്ടിയും മറ്റും ആയിരുന്നു അക്കാലത്ത് നികുതി ബാക്കി ഈടാക്കിയിരുന്നത്.
വിദ്യാഭ്യാസ ചരിത്രം
ഭൂസ്വത്തുക്കള്‍ അടക്കി വാണിരുന്ന തലകാപ്പുനായര്‍ തന്റെ സ്വന്തം നിലയില്‍ എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിപ്പോന്നു.ഇതേ കാലത്തിന് അല്‍പശേഷം പുലിയപ്പുറം തറവാടുവകയായി കടുങ്ങോച്ചന്‍ പണിക്കര്‍ അടുവാട് ഒരു എല്‍ ‍.പി.സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ ഇതിനുമുമ്പ് തന്നെ ഈ പഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്നത് കോഴിക്കോട് താലൂക്ക് ബോര്‍ഡിന്റെ കീഴിലുള്ള ലോവര്‍ പ്രൈമറി മാപ്പിള എലിമെന്ററി സ്കൂള്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ മാവൂരിന്റെ ഹൃദയഭാഗത്ത് ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി മാപ്പിള സ്കൂള്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത്.1915-ലാണ് പഞ്ചായത്തില്‍ ആദ്യമായി ഒരു സ്കൂള്‍ സ്ഥാപിതമായത്. ഡിസ്ട്രിക്ട് താലൂക്ക് ബോര്‍ഡിന് കീഴിലായിരുന്നു ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്കൂളിന്റെ പേര് കോഴിക്കോട് താലൂക്ക് ബോര്‍ഡ് മാപ്പിള ലോവര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. മണ്ണനീരിതല കാപ്പു നായരുടെ കീഴില്‍ ഒരു ഹിന്ദു എയിഡഡ് ലോവര്‍ എലിമെന്ററി സ്കൂളും നിലവിലുണ്ടായിരുന്നു.ആ കാലത്തെ പ്രമുഖ അദ്ധ്യാപകര്‍ തട്ടായി രാമന്‍ നായര്‍, കാര്യാട്ട് ഗോവിന്ദന്‍നായര്‍, പുലിയപ്പുറം ഗോവിന്ദന്‍ നായര്‍, മഞ്ഞക്കോട്ട് രാഘവന്‍നായര്‍, സുകുമാരന്‍ എന്നിവരായിരുന്നു. കൂടാതെ എഴുത്താശാനായ മുലത്തുംപാലിയില്‍ ഗോവിന്ദനാശാനും അക്കാലത്തെ ഒരു പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു. ക്രമേണ വിദ്യാഭ്യാസരീതിയില്‍ തന്നെ മാറ്റം വന്നു.
വ്യാവസായിക ചരിത്രം
രണ്ടാം പഞ്ചവത്സരപദ്ധതിയുടെ അവസാനപാദത്തില്‍ അന്നത്തെ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തുകൊണ്ട് മാവൂരില്‍ ബിര്‍ളാ വ്യവസായ ഗ്രൂപ്പിനെ ഒരു വ്യവസായ സംരംഭം സ്ഥാപിക്കാന്‍ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി അക്വയര്‍ ചെയ്യുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മാവൂരിനെ തഴുകുന്ന ചാലിയാറിലെ ജലവും, വടക്കന്‍ കേരളത്തിലെ സമ്പന്നമായ മുളങ്കാടുകളും കമ്പനിയുടെ വരവിന് ആക്കംകൂട്ടി.ഗ്വാളിയോര്‍ റയോണ്‍സ് എന്ന ഈ സ്ഥാപനത്തിന്റെ വരവ് മാവൂരിന്റെ സാമ്പത്തിക സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കി. ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പള്‍പ്പ് ഡിവിഷനും സ്റ്റാപ്പിള്‍ ഫൈബര്‍ ഡിവിഷനും ഇവിടെ മുളയും മറ്റും ഉപയോഗിച്ച് പള്‍പ്പും ഫൈബറും ഉല്‍പ്പാദിപ്പിച്ചിരുന്നു. ഈ വ്യവസായ സ്ഥാപനത്തില്‍ 1963-ല്‍ പള്‍പ്പ് ഉള്‍പ്പാദനം ആരംഭിച്ചു. അന്ന് അവിദഗ്ധ ജോലിക്കാര്‍ക്ക് മാസത്തില്‍ 60 രൂപയും വിദഗ്ധ തൊഴിലാളികള്‍ക്ക് 90 രൂപയും നല്‍കിയിരുന്നു. പള്‍പ്പും, ഫൈബറും നിര്‍മ്മിക്കാനാവശ്യമായ ആസിഡ് അടക്കമുള്ള ചില അസംസ്കൃത പദാര്‍ത്ഥങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നു.ഈ വ്യവസായ പ്രദേശത്ത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ ജനങ്ങളും താമസിക്കുന്നതിനാല്‍ വിവിധ സംസ്ക്കാരങ്ങളുടെ സംഗമ കേന്ദ്രം കൂടിയായി മാവൂര്‍ മാറി.1985-ല്‍ ആരംഭിച്ച സമരം മൂന്നര വര്‍ഷം നീണ്ടുപോയി. കമ്പനി പൂട്ടിയതിന്റെ ഫലമായി ദുരിതമനുഭവിച്ച 13 തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. ഈ സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ സര്‍ക്കാരിനു നിവേദനം നല്‍കുന്നതിനു വേണ്ടി മാവൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പട്ടിണിജാഥ കാല്‍നടയായി നടത്തി. ഇത് തൊഴിലാളിവര്‍ഗ്ഗ സമരരംഗത്ത് അപൂര്‍വമായ സഹന സമരങ്ങളിലൊന്നായിരുന്നു.
ഗതാഗത ചരിത്രം
1962-ല്‍ വന്ന തെങ്ങിലകടവ് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചതോടെയാണ് ഈ പഞ്ചായത്തില്‍ റോഡുഗതാഗതം ഫലപ്രദമായത്. ആദ്യകാലങ്ങളില്‍ ഗതാഗതത്തിന് ചാലിയാര്‍ വഴിയുള്ള ജലമാര്‍ഗ്ഗമായിരുന്നു ഉപയോഗിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍, കല്ല് തുടങ്ങിയ മറ്റു സാധനങ്ങളും കോഴിക്കോട്ടേക്ക് വിപണനത്തിന് കൊണ്ടുപോയത് ബോട്ട്, തോണി എന്നിവ ഉപയോഗിച്ചായിരുന്നു. കാലങ്ങള്‍ക്കുശേഷം കോഴിക്കോട്ടുനിന്നും തെങ്ങിലകടവ് വരെ ബസ് വന്നപ്പോള്‍ ഇവിടെനിന്നും ആളുകള്‍ നടന്ന് തെങ്ങിലക്കടവില്‍ പോയിയായിരുന്നു ബസ് യാത്ര നടത്തിയത്. പിന്നീട് ബസ്സ് റൂട്ട് മാവൂര്‍ വരെ ദീര്‍ഘിപ്പിച്ചു. ആദ്യമായി ഈ റൂട്ടിലോടിയത് ദേവിപ്രസാദ് എന്ന ബസായിരുന്നു. കണ്ണിപറമ്പ് ശിവക്ഷേത്ര ദര്‍ശനത്തിന് സാമൂതിരിരാജാവ് ഉപയോഗിച്ച നാട്ടുപാതയാണ് ഇപ്പോള്‍ മാങ്കാവ്-കണ്ണിപറമ്പ് റോഡ് എന്ന പേരില്‍ വികസിപ്പിച്ച റോഡ്.
സാംസ്കാരിക ചരിത്രം
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പാലക്കാട്ടുകാരായ ദാമോദരന്‍ നായര്‍ , വാസുദേവന്‍ നായര്‍ തുടങ്ങിയ നാടക ആശാന്‍മാര്‍ ഇവിടെ വരികയും അന്ന് ഈ പ്രദേശത്തുണ്ടായിരുന്ന ഭൂരിപക്ഷം നായര്‍ തറവാടുകളിലെ ചെറുപ്പക്കാരേയും സംഗീതവും, നാടകാഭിനയവും പഠിപ്പിക്കുകയും, പരിപാടികള്‍ വലിയ തറവാടുകളില്‍ മാത്രം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ വയോജന വിദ്യാഭ്യാസരംഗത്ത് സജീവമായ മുന്നറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ പട്ടികജാതിക്കാരെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അവര്‍ക്ക് ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നതിനുള്ള അവകാശത്തിനുവേണ്ടിയും പല ആളുകളും പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ പൊതു വായനശാലയാണ് പഞ്ചായത്തിന്റെ വകയായി തുടങ്ങിയ വായനശാല. പല സാംസ്കാരിക സമിതികളും ഇടക്കാലത്ത് സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്നങ്കിലും അവയില്‍ പലതും പല കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചുപോകുകയാണുണ്ടായത്.ഏകദേശം 30 കൊല്ലം മുമ്പ് മാവൂര്‍ പ്രദേശത്തെ യുവജനങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത ജവഹര്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബ് ഇന്ന് വിവിധ രംഗങ്ങളില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു.