Friday 30 November 2012

മണല്‍ തര്‍ക്കം തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടി


കൂളിമാട്: മണല്‍ വിതരണത്തില്‍ കോടതി ഉത്തരവും ജില്ലാ കലക്ടറുടെ നിര്‍ദേശവും പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടി. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവില്‍ ഉപഭോക്താക്കള്‍ അവര്‍ക്കിഷ്ടമുള്ള ലോറിയില്‍ മണല്‍ കയറ്റുന്നതിന് എത്തിയതുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയത്. അതോടെ രണ്ടു ദിവസത്തോളമായി കൂളിമാട് കടവിലെ മണല്‍ വിതരണം തടസ്സപ്പെട്ടു. 
വര്‍ഷങ്ങളായി ടേണ്‍ സമ്പ്രദായം നിലനില്‍ക്കുന്ന കൂളിമാട് കടവില്‍ കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഒരു ഉപഭോക്താവ് ഇഷ്ടമുള്ള ലോറിയുമായി മണല്‍ എടുക്കാന്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. പുതുതായെത്തിയ ലോറി ടേണിലുള്ള ലോറി ഡ്രൈവര്‍മാര്‍ തടഞ്ഞുവെക്കുകയും മണല്‍ കയറ്റാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഉപഭോക്താവ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും മണല്‍ നല്‍കാതെ ബുധനാഴ്ച കടവിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.
വ്യാഴാഴ്ച രാവിലെയും അതേ ഉപഭോക്താവും മറ്റു ചില ഉപഭോക്താക്കളും പുതിയ ലോറികളുമായി കടവിലെത്തി. അത് ഇന്നലെയും പ്രശ്നങ്ങള്‍ക്കിടയാക്കി. മറ്റ് ലോറിക്കാര്‍ പുതുതായെത്തിയ ലോറികളെ തടഞ്ഞുവെച്ചു. അതോടെ കടവിന്‍െറ പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. അതിനിടയില്‍ ഉപഭോക്താക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ട് പരാതി പറഞ്ഞു. എന്നാല്‍, സ്വന്തം പേരില്‍ ലോറിയുണ്ടെങ്കില്‍ മാത്രമേ പുതിയ ലോറികളില്‍ മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കൂ എന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയതത്രേ. തുടര്‍ന്ന് മാവൂര്‍ അഡീ. എസ്.ഐ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അതിനിടയില്‍ രണ്ടു ദിവസത്തോളമായി മണല്‍ നിറച്ച് കടവില്‍ നിര്‍ത്തിയിട്ട മണല്‍ തോണികളിലെ തൊഴിലാളികള്‍ മണലിറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. അതോടെ കടവില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു.
തര്‍ക്കത്തിന് പരിഹാരമാകാതായതോടെ ഉപഭോക്താക്കള്‍ നേരിട്ട് ചാത്തമംഗലം പഞ്ചായത്തോഫിസിലെത്തിയെങ്കിലും സെക്രട്ടറി ലീവെടുത്ത് പോയതോടെ പരാതിപ്പെടാനായില്ല. അതോടെ നാട്ടുകാരും മണല്‍ തര്‍ക്കത്തില്‍ ഇടപെട്ട് കോടതി ഉത്തരവ് പാലിക്കുന്നത് വരെ മണല്‍ വിതരണം നടത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. അതേസമയം, പ്രശ്നം രൂക്ഷമാകുമെന്ന അവസ്ഥയായതോടെ ഇപ്പോഴത്തെ തര്‍ക്കത്തിനിടയാക്കിയ ഏതാനും ലോറികളെ കൂടി ടേണിലുള്‍പ്പെടുത്തി തല്‍ക്കാലം തര്‍ക്കം തീര്‍ക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്.