Wednesday 21 December 2011

മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സന്ദര്‍ശിക്കാന്‍ കര്‍ണാടക പ്രധാനാധ്യാപക സംഘമെത്തി

മാവൂര്‍: ജില്ലയിലെ മികച്ച വിദ്യാലയമെന്ന ഖ്യാതി നേടിയ മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍നിന്നുള്ള പ്രധാനാധ്യാപകസംഘമെത്തി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിലെ അമ്പതുപേരടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയത്.
ആര്‍.എം.എസ്.എ.യുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ മികവ് കാണാനാണ് എത്തിയത്. ജില്ലയിലെ ഡി.ഇ.ഒ.മാര്‍ തിരഞ്ഞെടുത്ത മികച്ച വിദ്യാലയമെന്ന നിലയ്ക്കാണ് മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി തിരഞ്ഞെടുത്തത്.
സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍, ലാബ്, ലൈബ്രറി, പഠനപ്രവര്‍ത്തനങ്ങള്‍, കലാകായികരംഗത്തെ മികവുകള്‍, ഉച്ചഭക്ഷണവിതരണ പരിപാടി, സ്‌കൗട്ട്, ജെ.ആര്‍.സി.എന്നിവയെല്ലാം പഠനവിധേയമാക്കി. അവലോകനം നടത്തി സ്‌കൂള്‍ മാതൃകയാക്കി തങ്ങളുടെ സ്ഥാപനങ്ങളില്‍ മാവൂരിന്റെ മാതൃക നടപ്പാക്കാമെന്ന ധാരണയില്‍ മടങ്ങുകയായിരുന്നു.