Monday 19 December 2011

താത്തൂര്‍ ശുഹദാ ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

താത്തൂര്‍: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ, നൂറ്റാണ്ടുകളായി നടത്തിവരുന്ന താത്തൂര്‍ ശുഹദാ ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി. രാവിലെ ഒമ്പതിന് കാരന്തൂര്‍ മര്‍കസ് മുദരിസ് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് ചതുര്‍ദിന പരിപാടികള്‍ക്ക് താത്തൂര്‍ ശുഹദാ നഗറില്‍ തുടക്കമായത്. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് റഫീഖ് ബാഖവി പനങ്ങാട്ടൂര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഹുസൈന്‍ സഖാഫി, അശ്‌റഫ് മുസ്‌ലിയാര്‍ മലയമ്മ, കെ. മൂസ ഹാജി, ഇബ്രാഹിം സഖാഫി എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരുമണിക്ക് നടന്ന കൂട്ടപ്രാര്‍ഥനയ്ക്ക് താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍ നേതൃത്വം നല്കി. വൈകുന്നേരം നടന്ന ദിക്‌റ് ദുആ സമ്മേളനത്തിന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്കി. ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കെ.കെ. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ബീരാന്‍ ബാഖവി പനങ്ങാട്ടൂര്‍, ബശീര്‍ ഫൈസി വെണ്ണക്കോട് എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ഭക്ഷണ വിതരണം നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്കും. മറ്റന്നാള്‍ വൈകിട്ട് നടക്കുന്ന കൊന്നാര് സയ്യിദന്മാരുടെ വരവോടെയാണ് ആണ്ടുനേര്‍ച്ച സമാപിക്കുക. സമാപന പ്രാര്‍ഥനയ്ക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്കും.