Monday 19 December 2011

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗിന്നസ്ബുക്കില്‍ ഇടം നേടും- മുനീര്‍

മാവൂര്‍: ജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കുകയും അതിന് ഉടന്‍തന്നെ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ പോവുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു.
മാവൂര്‍ കമ്യൂണിറ്റി ഹാള്‍ അങ്കണത്തില്‍ യു.ഡി.എഫ്. സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉറക്കവും ഊണും ഉപേക്ഷിച്ച് 50,000-ത്തോളം ജനങ്ങളുടെ പരാതികള്‍ക്കാണ് മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിച്ചത്. ഇതുപോലൊരു ഭരണാധികാരി ലോകത്തൊരിടത്തുമില്ല. ജനകീയനായ ഈ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണെന്ന് മുനീര്‍ പറഞ്ഞു.

യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗങ്ങളായ ദിനേശ് പെരുമണ്ണ, പി.സി. അബ്ദുല്‍കരീം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാങ്ങാട്ട് അബ്ദുറസാഖ്, പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ്, ശെരീഫ് പാലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

യു.ഡി.എഫ്. പഞ്ചായത്ത് കണ്‍വീനര്‍ വളപ്പില്‍ റസാഖ് സ്വാഗതവും കെ.സി. രവി നന്ദിയും പറഞ്ഞു.