Sunday, 22 January 2012

കൂളിമാട് പമ്പ്ഹൗസ് പുനര്‍നിര്‍മാണത്തില്‍ എം.പി. ഫണ്ടില്‍നിന്ന് ഏഴുലക്ഷം അനുവദിച്ചു

കൂളിമാട്: കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പുഴയിലേക്ക് ചരിഞ്ഞുപോയ ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് പമ്പ്ഹൗസ് എം.കെ. രാഘവന്‍ എം.പി. സന്ദര്‍ശിച്ചു. പമ്പ്ഹൗസ് പുതുക്കി നിര്‍മിക്കാന്‍ എം.പി. പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഏഴുലക്ഷം അനുവദിക്കുകയും ചെയ്തു.
ജല അതോറിറ്റിയുടെ ഗ്രാമീണ ശുദ്ധജല വിതരണ വകുപ്പാണ് 84 ലക്ഷം രൂപ ചെലവില്‍ ഈ ശുദ്ധജലവിതരണ പദ്ധതി നിര്‍മിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ പത്തോളം വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് ഇത് നിര്‍മിച്ചത്. പണി പൂര്‍ത്തീകരിച്ചിട്ടും വിവിധങ്ങളായ കാരണങ്ങളാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതിനിടയിലാണ് ഏഴുമാസം മുമ്പ് വര്‍ഷകാലത്തെ ഇരുവഞ്ഞി, ചാലിയാര്‍ പുഴകളുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് ഇതിന്റെ പമ്പ്ഹൗസ് പുഴയിലേക്ക് ചരിഞ്ഞുപോയത്. സംരക്ഷണ ഭിത്തിയില്ലാതെ പുഴകളുടെ സംഗമസ്ഥാനത്തെ കരഭാഗത്ത് പമ്പ്ഹൗസ് സ്ഥാപിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണം. പമ്പ്ഹൗസ് ഉടന്‍ മാറ്റി സ്ഥാപിക്കുമെന്ന് ജല അതോറിറ്റി അധികാരികള്‍ പറഞ്ഞിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ട് വേനല്‍ക്കാലമായിട്ടും ഒരു നീക്കവും ഉണ്ടായില്ല. മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് പമ്പ്ഹൗസ് മാറ്റി സ്ഥാപിക്കുന്നതിനായി പ്രക്ഷോഭം നടന്നിരുന്നു. ചാത്തമംഗലം മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി ഇതുസംബന്ധിച്ച് എം.കെ. രാഘവന്‍ എം.പി.ക്ക് നിവേദനം നടത്തിയിരുന്നു. തുടര്‍ന്നാണ് എം.പി. സ്ഥലം സന്ദര്‍ശിച്ചത്. മുസ്‌ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ.എ. ഖാദര്‍, യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ ഫഹദ് പാഴൂര്‍, കെ.വി. റാഫി എന്നിവര്‍ എം.പി.യെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥലത്തുവെച്ചുതന്നെ ഏഴുലക്ഷം പമ്പ്ഹൗസ് നിര്‍മാണത്തിനായി അനുവദിക്കുകയായിരുന്നു.