Friday 4 July 2014

എയിംസ് പദ്ധതിക്കുവേണ്ടി മാവൂരില്‍ കര്‍മസമിതി പ്രക്ഷോഭം തുടങ്ങും


മാവൂര്‍: കേരളത്തിലേക്കുള്ള നിര്‍ദിഷ്ട എയിംസ് സ്ഥാപനം മാവൂരില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍മസമിതി രൂപവത്കരിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപ്പുറം (ചെയ), സ്ഥിരംസമിതി ചെയര്‍മാന്‍ മാങ്ങാട്ട് അബ്ദുറസാഖ് (ജന.കണ്‍), അഡ്വ. എം.കെ. രാഘവന്‍ എം.പി, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. (മുഖ്യ രക്ഷാധികാരികള്‍), ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ (രക്ഷാധികാരികള്‍) എന്നിവര്‍ ഭാരവാഹികളായുള്ളതാണ് കര്‍മസമിതി.
എയിംസ് പദ്ധതിക്ക് നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങളെല്ലാം മാവൂരിലുണ്ട്. സര്‍ക്കാറുകള്‍ ഇച്ഛാശക്തി കാണിച്ചാല്‍ ഏറ്റെടുക്കാവുന്ന ഗ്രാസിമിന്റെ കൈവശമുള്ള തരിശുഭൂമിയും ഭൂമിയോട് തൊട്ടുരുമ്മി ഒഴുകുന്ന ചാലിയാര്‍ പുഴയും. ഇതിനെല്ലാം പുറമെ, മാവൂരിന്റെ പതിനഞ്ച് കി.മീ. ചുറ്റളവില്‍ കരിപ്പുര്‍ വിമാനത്താവളം, കോഴിക്കോട് റെയില്‍വെസ്റ്റേഷന്‍, വിശാലമായ റോഡ്, മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയുമുണ്ട്.
സര്‍ക്കാര്‍ വ്യവസായാവശ്യത്തിന് ഏറ്റെടുത്ത് നല്‍കിയ ഏക്കര്‍കണക്കിന് ഭൂമി ഒരു വ്യാഴവട്ടക്കാലമായി തരിശായി കിടക്കുകയാണ്. മാവൂരിന്റെ നഷ്ടപ്രതാപം തിരച്ചെടുക്കാന്‍ നിര്‍ദിഷ്ട എയിംസ് സ്ഥാപനം മാവൂരിലേക്ക് അനുവദിക്കണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു.
പ്രക്ഷോഭപ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ജൂലായ് അഞ്ചാംതീയതി സംസ്ഥാന, ജില്ലാ രാഷ്ട്രീയ നേതൃത്വങ്ങളെയും പിന്നീട് മുഖ്യമന്ത്രിയടക്കമുള്ള ഭരണകര്‍ത്താക്കളെയും കണ്ട് നിവേദനം നല്‍കാന്‍ കര്‍മസമിതി രൂപവത്കരണയോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍കരീം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപ്പുറം അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. പങ്കജാക്ഷന്‍, എം. ധര്‍മരാജന്‍, കെ.പി. ചന്ദ്രന്‍, എന്‍.പി. അഹമ്മദ്, കെ.എം.എ. നാസര്‍, കെ. കൃഷ്ണദാസ്, കെ. സുരേഷ്, നാസര്‍ മാവൂരാന്‍, കെ.പി. സഹദേവന്‍, ഷറീനാ സുബൈര്‍, മാങ്ങാട്ട് അബ്ദുറസാഖ്, വളപ്പില്‍ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.