Sunday, 22 January 2012

പാലം അപകട ഭീഷണിയില്‍ ഊട്ടി ഹ്രസ്വദൂര പാതയില്‍ ഗതാഗതം നിലച്ചേക്കും

കൂളിമാട്: കോഴിക്കോട്-ഊട്ടി ഹ്രസ്വദൂര പാതയിലെ അത്തോളിത്തോട്പാലം അപകട ഭീഷണിയില്‍. പാലത്തിന്റെ ഒരു ഭാഗത്തെ പില്ലര്‍ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞുവീണു. മറുഭാഗത്തെ പില്ലറും ഏതു നിമിഷവും തകര്‍ന്നേക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ സ്ലാബ് കമ്പികള്‍ പുറത്തായി തുരുമ്പെടുത്ത നിലയിലുമാണ്. പാലത്തിന്റെ കൂളിമാട് ഭാഗത്തെ വടക്ക് വശത്തുള്ള പില്ലറാണ് കഴിഞ്ഞ ദിവസം തോട്ടിലേക്ക് പൊളിഞ്ഞുവീണത്.
ഭാരവണ്ടികള്‍ ഈ ഭാഗത്തുകൂടി കടന്നുപോകാന്‍ ഇടവന്നാല്‍ പാലം മൊത്തമായും തകരും. അപകടം മുന്‍കൂട്ടിക്കണ്ട് നാട്ടുകാര്‍ പാലത്തിന്റെ വടക്കുഭാഗത്ത് കല്ലുകള്‍വെച്ച് വണ്ടികള്‍ കടന്നുപോകുന്നത് തടഞ്ഞു.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍നിന്ന് എട്ടേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് ഈ റോഡിന്റെ നവീകരണം ഏതാനും ആഴ്ചകള്‍ മുമ്പാണ് പൂര്‍ത്തീകരിച്ചത്. റോഡിന്റെ പ്രവൃത്തി നടക്കുമ്പോള്‍ ഈ പാലം പുതുക്കി നിര്‍മിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ആവശ്യമായത്ര സ്ഥലം വിട്ടുകിട്ടിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
മൂന്നു വര്‍ഷംമുമ്പാണ് കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് തെങ്ങിലക്കടവ് മുതല്‍ എരഞ്ഞിമാവ്‌വരെയുള്ള പത്തു കി.മീറ്റര്‍ റോഡ് വിസ്തൃതി കൂട്ടി പരിഷ്‌കരിക്കാന്‍ തുടങ്ങിയത്. കോഴിക്കോട്ടുനിന്ന് ഊട്ടിയിലേക്കുള്ള ദൂരം ഗണ്യമായി കുറയാന്‍ പറ്റിയ ഒരു പാതയായതിനാലാണിത് ഊട്ടി ഹ്രസ്വപാത എന്നറിയപ്പെടുന്നത്