Thursday, 19 January 2012

മാവൂരില്‍ വ്യവസായം തുടങ്ങാന്‍ അനുകൂല സാഹചര്യം -ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

മാവൂര്‍: ഗ്വാളിയോര്‍ റയോണ്‍സിന്‍െറ ഭൗതിക സാഹചര്യങ്ങള്‍ ഉപയോഗിച്ച് മാവൂരില്‍ മലിനീകരണമുക്തമായ വ്യവസായ സംരംഭം കൊണ്ടുവരുന്നതിന് എല്ലാവിധ രാഷ്ട്രീയ-അനുകൂല സാഹചര്യമാണ് ഇന്നുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മലബാറിന്‍െറ വ്യവസായ കേന്ദ്രമായിരുന്ന മാവൂരിന്‍െറ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ആവശ്യം ഉയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ കക്ഷികളില്‍പ്പെട്ടവരായതുകൊണ്ട് മുഴുവന്‍ തൊഴിലാളി യൂനിയനുകളെയും സഹകരിപ്പിച്ചുകൊണ്ട് ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും എം.പി. പറഞ്ഞു.
മാവൂര്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാറില്‍ അഡ്വ. പി.എം. മനാഫ് അധ്യക്ഷത വഹിച്ചു. അഹമ്മദ്കുട്ടി  ഉണ്ണികുളം വിഷയം അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. പങ്കജാക്ഷന്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് അഡ്വ. അനൂപ് നാരായണന്‍, ഹാന്‍വീവ് ചെയര്‍മാന്‍ യു.സി. രാമന്‍, എച്ച്.എം.എസ് ജില്ലാ സെക്രട്ടറി മനയത്ത് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് സി. സുരേഷ്, യു. പോക്കര്‍, എം.എ. കരീം തുടങ്ങിയവര്‍ സംസാരിച്ചു.