Thursday, 2 February 2012

എ.ഡബ്ല്യു.എച്ചില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അന്വേഷണം നടത്തി

ഒരു മാസമായി കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്. കോളേജില്‍ അധ്യാപക-അനധ്യാപക സംഘടനകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അന്വേഷണം നടത്തി. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം ടി.പി. അഷ്‌റഫലിയും അഡ്വ. യു.സി.പ്രശാന്ത്കുമാറുമാണ് കോളേജ് കാമ്പസിലെത്തിയത്. ഇതിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസില്‍ അക്രമം നടത്തുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കോളേജിന്റെ എ.ഐ.സി.ടി.ഇ. ചട്ടം പാലിക്കുന്നതിനെക്കുറിച്ചും ജീവനക്കാരുടെ ശമ്പളത്തെക്കുറിച്ചും പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
ഇതിനിടെയാണ് ഒരു സംഘം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോളേജ് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചത്. ഇത് നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ചന്ദ്രിക ലേഖകന്‍ ഇര്‍ഷാദ് അഹമ്മദിനെ (21) അക്രമിക്കുകയും കൈയിലെ ക്യാമറ നശിപ്പിക്കുകയും ചെയ്തു. ഇതില്‍ മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തു.
സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ റിപ്പോര്‍ട്ടിന്‍മേല്‍ വി.സി. ആറാംതീയതി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.