കമ്പളത്ത് മീത്തല്‍: രൂക്ഷമായ ജലക്ഷാമം നേരിടുന്ന വളയന്നൂര്‍ മേഖലയില്‍ നാളികേരകര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് നിര്‍മിച്ച കമ്പളത്ത് മീത്തല്‍ കമ്യൂണിറ്റി ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി. കുന്ദമംഗലം ബ്ലോക്കിന്റെ 2008-11 വര്‍ഷങ്ങളിലെ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 16.25 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. കമ്പളത്ത് മീത്തല്‍, എളമ്പേരിതാഴം, കരുവഞ്ചേരി പ്രദേശങ്ങളിലെ എണ്‍പത്തഞ്ചോളം നാളികേര കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ ഗുണം ലഭിക്കുക. അഡ്വ. പി.ടി.എ.റഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വിശാലാക്ഷി, വികസനകാര്യ ചെയര്‍മാന്‍ വളപ്പില്‍ റസാഖ്, കെ.വിജയ, വി.ശ്രീജ, പി.ടി.ജയരാജന്‍, പി. സുഗതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.