Saturday, 12 May 2012

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പെരുവയലില്‍ കര്‍മ പരിപാടി

പെരുവയല്‍: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനത്തിനിടെ നിലനില്പ് പ്രതിസന്ധിയിലായ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പെരുവയല്‍ പഞ്ചായത്ത് കര്‍മപദ്ധതി ആവിഷ്‌കരിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പൊതുവിദ്യാലയ സംരക്ഷണസംഗമം സംഘടിപ്പിച്ചു. ഓരോ വിദ്യാലയവും അഡ്മിഷന്‍ രംഗത്ത് നേരിടുന്ന പ്രതിസന്ധികള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്തു.
പഞ്ചായത്തിലെ പത്ത് പ്രൈമറി വിദ്യാലയങ്ങളില്‍ മൂന്ന് വിദ്യാലയങ്ങളില്‍ നൂറില്‍ താഴെയാണ് വിദ്യാര്‍ഥികളുടെ എണ്ണം. ഇവ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്ന സ്ഥിതിയാണുള്ളത്.
മറ്റ് ഏഴിടത്തും കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പഞ്ചായത്തില്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് സംഗമം സംഘടിപ്പിച്ചത്.
ഓരോ വിദ്യാലയത്തിലും വിപുലമായ കണ്‍വെന്‍ഷന്‍ ചേരാനും അതത് വിദ്യാലയം നേരിടുന്ന പ്രയാസങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയിലൂടെ പരിഹാരം കാണാനും തീരുമാനിച്ചു. ഗ്രാമസഭകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും.

മോശം അവസ്ഥയില്‍ കെട്ടിടങ്ങളുള്ള വിദ്യാലയങ്ങളിലെ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് വകയിരുത്താനും 2012-'13 വര്‍ഷത്തില്‍ വിദ്യാലയ ശാക്തീകരണത്തിനുതകുന്ന കൂടുതല്‍ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു.

അധ്യാപകര്‍, പി.ടി.എ., എം.പി.ടി.എ. ഭാരവാഹികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് പി. അസ്മാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എം. സദാശിവന്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കുന്നുമ്മല്‍ സുലൈഖ, പൊതാത്ത് മുഹമ്മദ് ഹാജി, മെമ്പര്‍മാരായ പി.കെ. ഷറഫുദ്ദീന്‍, ടി.എം. ചന്ദ്രശേഖരന്‍, സി.കെ. ഫസീല, നിര്‍വഹണ ഉദ്യോഗസ്ഥന്‍ എം.പി. ഗോവിന്ദന്‍കുട്ടി, സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.