Monday, 14 May 2012

ഒഴിവുകള്‍ നികത്തി; ഫില്‍ട്ടര്‍ ബഡ് നന്നാക്കി കൂളിമാട് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

കൂളിമാട്: വിവിധ കാരണങ്ങളാല്‍ താളം തെറ്റിയിരുന്ന കൂളിമാട് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. പമ്പിങ് സ്റ്റേഷനില്‍ ഒഴിവുള്ള തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം നടത്തി. പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന ഫില്‍ട്ടര്‍ബഡുകളിലൊന്നിന്റെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായി.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേടായിക്കിടന്നിരുന്ന ക്ലിയര്‍വാട്ടറിലെ അഞ്ഞൂറ് കുതിരശക്തിയുള്ള മോട്ടോറും അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കി. അമ്പലപ്പറമ്പ് സബ്‌സ്റ്റേഷനില്‍നിന്നുള്ള വെദ്യുത തകരാര്‍ പരിഹരിക്കാനായി എ.ബി. സ്വിച്ച് സ്ഥാപിച്ചു. ജലശുദ്ധീകരണ പ്രക്രിയയ്ക്ക് താളപ്പിഴകള്‍ സൃഷ്ടിച്ചിരുന്ന ആലത്തിന്റെയും ചുണ്ണാമ്പിന്റെയും കുറവ് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് ലഭ്യമാക്കി പരിഹരിച്ചു.
ഇതോടെ നഗരത്തിലെ ശുദ്ധജല വിതരണത്തെ ഏറെക്കാലമായി ദോഷകരമായി ബാധിച്ചിരുന്ന പ്രശ്‌നങ്ങളെല്ലാം ഒരുപരിധിവരെ പരിഹരിക്കപ്പെട്ടു. 
കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി) നേതാക്കള്‍, എം.കെ. രാഘവന്‍ എം.പി. കൂളിമാട് പ്ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ ഇവിടത്തെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.