മാവൂര്‍: ഏതാനും ദിവസത്തെ സ്തംഭനത്തിനുശേഷം മണല്‍നീക്കം സാധാരണ നിലയിലായ മാവൂര്‍ മണന്തല കടവിലെ മണല്‍നീക്കം വെള്ളിയാഴ്ച ഉച്ചവരെ വീണ്ടും സ്തംഭനാവസ്ഥയിലായി. പരിസ്ഥിതി സംരക്ഷണസമിതിയുടെ പേരില്‍ കടവില്‍ സ്ഥാപിച്ച ഒരു ബോര്‍ഡാണ് മണല്‍നീക്കത്തെ ദോഷകരമായി ബാധിച്ചത്.
പാതാറില്‍ നദീകരയോട് ചേര്‍ത്ത് വണ്ടികള്‍ നിര്‍ത്തി മണല്‍ കയറ്റുന്നത് നദീസംരക്ഷണ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പായിരുന്നു ബോര്‍ഡില്‍. ഇതുകണ്ട് നിയമനടപടി ഭയന്ന ആദ്യത്തെ വണ്ടികളൊന്നും പാതാറിലേക്കിറക്കിയില്ല. മണല്‍ത്തൊഴിലാളികളാകട്ടെ പുഴയില്‍ നിന്ന് ഇരുപത്തഞ്ച് മീറ്റര്‍ മാറ്റിനിര്‍ത്തിയ വണ്ടിയിലേക്ക് മണല്‍ കയറ്റാനും തയ്യാറായില്ല. പ്രശ്‌നം ഇരുവിഭാഗം തൊഴിലാളികളും തമ്മില്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലേക്കും നീങ്ങുമെന്നായപ്പോള്‍ മാവൂര്‍ പോലീസെത്തി രംഗം ശാന്തമാക്കി. എന്നിട്ടും വണ്ടിയിറക്കാനോ മണല്‍ കയറ്റാനോ ഇരുകൂട്ടരും തയ്യാറായില്ല. പത്തുമണിക്ക് ശേഷമെത്തിയ പഞ്ചായത്ത് ഭരണാധികാരികള്‍ വണ്ടികള്‍ നദീകരയിലേക്ക് ഇറക്കി മണല്‍ കയറ്റിക്കൊള്ളാന്‍ നിര്‍ദേശിച്ചതോടെയാണ് മണല്‍ നീക്കം പുനരാരംഭിച്ചത്.മാവൂരിലെ മണല്‍ പാതാറുകളില്‍ പരിസ്ഥിതി സംരക്ഷണസമിതിയുടെ പേരില്‍ പൊടുന്നനെ ബോര്‍ഡ് സ്ഥാപിച്ചതിന്റെ പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. ഊഴ സമ്പ്രദായത്തെചൊല്ലി ലോറി തൊഴിലാളികളും മണലൂറ്റ് തൊഴിലാളികളും തമ്മില്‍ നേരിയ അസ്വാരസ്യമുണ്ടായിരുന്നു. കടവില്‍ വണ്ടിയുമായി മണലിനെത്തുന്ന ആര്‍ക്കും മണല്‍ നല്കാമെന്ന പുതിയ തീരുമാനം മണലൂറ്റ് തൊഴിലാളികള്‍ക്ക് ഫലത്തില്‍ ഗുണം ചെയ്യുന്നുവെന്നതാണ് ഊഴവണ്ടി തൊഴിലാളികളുടെ പക്ഷം. തങ്ങള്‍ക്കെതിരെ മാത്രം കോടതിവിധിയും പഞ്ചായത്ത് നിയമവും നടപ്പാക്കുമ്പോള്‍ നിയമം ലംഘിക്കുന്ന മണല്‍ത്തൊഴിലാളികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നാണ് ഇവരുടെ ചോദ്യം.