Wednesday, 10 October 2012

കൂളിമാട് പാലം: ഏറ്റെടുത്ത സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറി

കൂളിമാട്: നിര്‍ദിഷ്ട കൂളിമാട് പാലത്തിന് സമീപന റോഡ് നിര്‍മിക്കാനായി ഉടമകളില്‍നിന്ന് ഏറ്റെടുത്ത സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറി. ചൊവ്വാഴ്ച രാവിലെ കൂളിമാടിലെത്തിയ എല്‍.എ. വിഭാഗം റവന്യൂ ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, വാല്വേഷന്‍ അസിസ്റ്റന്റ് സി. മുഹമ്മദ് റഫീഖ് എന്നിവരാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബൈജു, ഓവര്‍സിയര്‍ പുഷ്പരാജന്‍ എന്നിവര്‍ രേഖകള്‍ ഏറ്റുവാങ്ങി. ഇതോടെ കൂളിമാട് കടവില്‍ പാലം നിര്‍മിക്കാനുള്ള സാധ്യത തെളിഞ്ഞു.
കൂളിമാടില്‍ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വയനാട്, താമരശ്ശേരി തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് മലപ്പുറം ജില്ലയുമായി ബന്ധപ്പെടാനുള്ള എളുപ്പ മാര്‍ഗമെന്നതിനാലാണ് ഇവിടെ പാലത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്.
പാലം നിര്‍മാണത്തിന് 22.9 കോടിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് നബാര്‍ഡില്‍നിന്ന് അനുവദിച്ചുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നു. രണ്ടോ മൂന്നോ മാസത്തിനകം പണം അനുവദിക്കുമെന്നാണ് പ്രതീക്ഷ.
പാലത്തിന്റെ മലപ്പുറം ഭാഗത്തെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. സ്ഥലം ഏറ്റെടുക്കാന്‍ നടപടിക്രമം കഴിയുന്ന മുറയ്ക്ക് പാലത്തിന്റെ ടെണ്ടര്‍ നല്‍കാനും പ്രവൃത്തി വേഗം തുടങ്ങാനും കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പൊതുമരാമത്തധികൃതരും.
കൂളിമാട് ഭാഗത്തെ സമീപന റോഡിന് മുകള്‍ഭാഗം പന്ത്രണ്ട് മീറ്റര്‍ വിസ്തൃതിയാണ് ആവശ്യമുള്ളത്. അതിനാല്‍ അടിഭാഗത്ത് ശരാശരി 26 മീറ്റര്‍ വിസ്തൃതിയെങ്കിലും വേണം. ഇത്രയധികം സ്ഥലമേറ്റെടുക്കേണ്ടി വന്നപ്പോള്‍ പതിനേഴോളം സ്ഥലമുടമകള്‍ക്ക് ഭൂമി ഒഴിയേണ്ടിവന്നു. ഒരു വീട്ടുകാരന് പൂര്‍ണമായും മറ്റൊരു വീട്ടുകാരന് ഭാഗികമായും വീട് നഷ്ടപ്പെടുകയും ചെയ്യും. അതിനിടെ തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തീരെ കുറവാണെന്ന് ഉടമകള്‍ പരാതിപ്പെട്ടു. ഈ പരാതികളൊന്നും അധികൃതര്‍ പരിഗണിച്ചില്ലെന്നും ഉടമകള്‍ പറയുന്നു.