Thursday 15 November 2012

മൂന്ന് ദിവസത്തിനകം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം - കളക്ടര്‍

കോഴിക്കോട്  ജില്ലയില്‍ റോഡരികില്‍ ജീവനും സുരക്ഷയ്ക്കും ഭീഷണിയായതും അനധികൃതമായി സ്ഥാപിച്ചതുമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മൂന്നുദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം കോര്‍പ്പറേഷന്‍, പോലീസ്, റവന്യൂ, പൊതുമരാമത്ത് റോഡ്‌സ്-എന്‍.എച്ച്, കെ.എസ്.ഇ.ബി. എന്നിവയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്‌ക്വാഡ് നവംബര്‍ 19-ന് ഇവ നീക്കം ചെയ്യുമെന്നും നീക്കുന്നതിനുള്ള ചെലവ് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റോഡരികിലെ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ പെരുപ്പം മൂലമുണ്ടാവുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം. ട്രാഫിക് അലൈന്‍മെന്റ്, നടപ്പാത, ട്രാഫിക് സൈന്‍ ബോര്‍ഡ്, ഗതാഗതതടസ്സമുണ്ടാക്കുന്ന സ്ഥലങ്ങള്‍, ടെലിഫോണ്‍-ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി.
യോഗത്തില്‍ എ.ഡി.എം. കെ.പി. രമാദേവി, ഡി.സി.പി. കെ.ബി. വേണുഗോപാല്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ബി.കെ. ബലരാജി തുടങ്ങിയവര്‍ പങ്കെടുത്തു.