Friday, 18 January 2013

പാമ്പിനെ പിടികൂടി

സൗത്ത്‌ അരയങ്കോട്: മൂന്ന് ദിവസം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ വെള്ളവെമ്പാലമൂര്‍ഖനെ വനംവകുപ്പധികൃതര്‍ പിടികൂടി.
സൗത്ത് അരയങ്കോട് മഞ്ഞക്കോട്ട് ശിവരാമന്റെ വീട്ടുമുറ്റത്തെ മണ്‍പുറ്റിനുള്ളിലാണ് ഉഗ്രവിഷമുള്ള വെള്ളവെമ്പാലമൂര്‍ഖന്‍ കയറിപ്പറ്റിയത്.
താമരശ്ശേരി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റര്‍ ബാലന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പാമ്പ്പിടിത്ത വിദഗ്ധനായ വി.ടി. പ്രസാദ് മണ്‍പുറ്റ് പൊളിച്ച് വെള്ളവെമ്പാലയെ പിടികൂടി പാത്രത്തിലേക്ക് മാറ്റിയതോടെയാണ് നാട്ടുകാര്‍ക്കും ശിവരാമന്റെ കുടുംബത്തിനും ശ്വാസം നേരേവീണത്. പാമ്പിനെ താമരശ്ശേരിയിലെ മൃഗഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചശേഷം വനത്തില്‍ തുറന്നുവിടും.