Tuesday, 15 January 2013

വീണ്ടും മണല്‍ക്കടത്ത് പിടിച്ചു

മാവൂര്‍: മാവൂര്‍ പാറമ്മലിലെ കടലുണ്ടിക്കട വിനടുത്ത പുനത്തില്‍ കടവില്‍ അനധികൃതമായി കടത്തു കയായിരുന്ന മണല്‍ പിടികൂടി. മൂന്നു തോണിക ളിലാണ് മണല്‍ കടത്തിയത്. ഇതോടൊപ്പം കാട്ടില്‍ ഒളിപ്പിച്ച നിലയിലും പൂഴി കണ്ടെത്തി. അവിടെനിന്ന് കൊല്ലിവല, കുട്ട, കൈക്കോട്ടുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
കുറേനാളായി ഈ കടവിലും പരിസരത്തും മണല്‍കടത്ത് വ്യാപകമാണ്. പഞ്ചായത്തും പോലീസും ഏറെനാളായി ഇവിടെ ജാഗ്രത പുലര്‍ത്തിവരികയാണ്. തിങ്കളാഴ്ച പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മാവൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വളപ്പില്‍ റസാക്ക്, അംഗങ്ങളായ കെ.എം. അപ്പുക്കുഞ്ഞന്‍, കെ.ഉസ്മാന്‍ എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. തുടര്‍ന്ന് മാവൂര്‍ എസ്.ഐ. സജീവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
തോണികള്‍ കസ്റ്റഡിയിലെടുത്ത് മണന്തലക്കടവിലെത്തിച്ചശേഷം ക്രെയിന്‍ ഉപയോഗിച്ച് മാവൂര്‍ സ്റ്റേഷനിലെത്തിച്ചു.
ഇതില്‍ നിന്ന് പിടിച്ചെടുത്ത മണല്‍ മാവൂര്‍ വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ 12,600 രൂപയ്ക്ക് ലേലംചെയ്തു.
രണ്ടാഴ്ച മുമ്പ് ഇവിടെനിന്ന് ഒരു തോണി മണല്‍ പിടിച്ചിരുന്നു. ഇത് 5000-ത്തില്‍പ്പരം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. പഞ്ചായത്ത് അധികൃതര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാല്‍ മണല്‍ ലോബികള്‍ പത്തിതാഴ്ത്തിയ നിലയിലാണിപ്പോള്‍.
അപൂര്‍വമായി അവിടവിടെ നടക്കുന്ന മണല്‍ക്കടത്ത് കൈയോടെ പിടികൂടുകയും ചെയ്യുന്നുണ്ട്.