Saturday, 12 January 2013

മാവൂരിലെ കമ്യൂണിറ്റിഹാള്‍ ഇനി ഓര്‍മ

മൂന്നുപതിറ്റാണ്ട് മാവൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചടങ്ങുകള്‍ക്ക് വേദിയായിരുന്ന പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍ (വി.കെ. കൃഷ്ണമേനോന്‍സ്മാരകഹാള്‍) ഇനി ഓര്‍മയാകും. കമ്യൂണിറ്റിഹാള്‍ ഇടിച്ചുനിരത്തി നാലരക്കോടിരൂപ ചെലവില്‍ ഓഫീസ് കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ നടപടി തുടങ്ങി. ആദ്യഘട്ടമെന്നനിലയില്‍ ബോറിങ് പരിശോധന തുടങ്ങി. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജ് സാങ്കേതികവിദഗ്ധരാണ് ബോറിങ് നടത്തുന്നത്. പരിശോധനറിപ്പോര്‍ട്ട് കിട്ടിയശേഷം സാങ്കേതികാനുമതിയും അന്തിമ എസ്റ്റിമേറ്റും തയ്യാറാക്കും. സാങ്കേതികാനുമതി കിട്ടിയ ഉടനെ നിലവിലെ കമ്യൂണിറ്റിഹാള്‍ പൊളിച്ചുനീക്കും.
കമ്യൂണിറ്റിഹാളും പരിസരവും പാറക്കെട്ടുള്ള സ്ഥലമായതിനാല്‍ ചെങ്കല്ല് കൊത്തിയെടുത്ത് ബസ്സ്റ്റാന്‍ഡ് നിരപ്പിലേക്ക് താഴ്ത്തും. ഒരുകൊല്ലം മുമ്പുതന്നെ ഇവിടെ നിര്‍മിക്കേണ്ട ഓഫീസ് സമുച്ചയങ്ങളുടെ പ്ലാനും താത്കാലിക എസ്റ്റിമേറ്റും പഞ്ചായത്തധികൃതര്‍ തയ്യാറാക്കിയിരുന്നു. നിര്‍മിക്കാന്‍പോകുന്ന കെട്ടിടസമുച്ചയത്തില്‍ 2000 പേര്‍ക്ക് ഇരിപ്പിടസൗകര്യമുള്ള ഹാളും വേദിയും സജ്ജമാക്കും. നാലുപതിറ്റാണ്ട് കഴിഞ്ഞിട്ടും സ്വന്തമായി ഓഫീസ് കെട്ടിടമില്ലാത്ത മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഇവിടേക്ക് മാറ്റും.
കൃഷിഭവന്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി, സി.ഡി.എസ്. ഓഫീസുകള്‍, പഞ്ചായത്ത് ലൈബ്രറി, ഗ്രാമവികസന ഓഫീസറുടെ കാര്യാലയം തുടങ്ങിയവയും പുതിയ കെട്ടിടസമുച്ചയത്തില്‍ സ്ഥാനംപിടിക്കും. വര്‍ഷങ്ങളായി ബസ്സ്റ്റാന്‍ഡിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തില്‍ ഞെങ്ങിഞെരുങ്ങി പ്രവര്‍ത്തിക്കുന്ന മാവൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസും ഇവിടേക്ക് മാറ്റിസ്ഥാപിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.
നിലവിലെ ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷാസ്റ്റാന്‍ഡിനും ഈ കെട്ടിട സമുച്ചയങ്ങളുടെ പണി കഴീയുമ്പോള്‍ സൗകര്യമൊരുക്കാന്‍ പദ്ധതിയുണ്ട്.
കെ.യു.ആര്‍.ഡി.എഫ്.സി. (കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍)യില്‍നിന്നാണ് കെട്ടിടനിര്‍മാണത്തിന് ആവശ്യമായ പണം കടമെടുക്കുന്ന്. ഒന്നരവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പുതിയ കെട്ടിടസമുച്ചയങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ മാവൂരിന്റെ മുഖച്ഛായയ്ക്ക് കാതലായ മാറ്റംവരും.