Tuesday, 4 December 2012

മണല്‍നീക്കത്തെ പ്രതിസന്ധിയിലാക്കി.

ഉപഭോക്താവിന് ഇഷ്ടമുള്ള വാഹനത്തില്‍ കടവുകളില്‍ നിന്ന് മണല്‍ കൊണ്ടുപോകാമെന്ന കോടതിവിധി വിവിധ പഞ്ചായത്തുകളിലെ കടവുകളില്‍ നിന്നുള്ള മണല്‍നീക്കത്തെ പ്രതിസന്ധിയിലാക്കി. ഊഴസമ്പ്രദായം നടപ്പാക്കിയ പഞ്ചായത്ത് കടവുകളിലാണ് കഴിഞ്ഞ 28-ാം തീയതി മുതല്‍ മണല്‍ കയറ്റിക്കൊണ്ടുപോകുന്നത് തടസ്സപ്പെട്ടത്. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്കടവ്, മാവൂര്‍ പഞ്ചായത്തിലെ ഊര്‍ക്കടവ്, കൊടിയത്തൂര്‍ പഞ്ചായത്തിലെ പുതിയോട്ടില്‍ ക്കടവ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മണല്‍ വിതരണം നിലച്ചത്. ജില്ലയില്‍ കൊടിയത്തൂര്‍, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, ഫറോക്ക്, കടലുണ്ടി തുടങ്ങിയ പഞ്ചായത്തുകളിലാണ് കടവുകളില്‍ നിന്ന് മണല്‍ കടത്തിക്കൊണ്ടുപോകുന്നതിന് ഊഴസമ്പ്രദായം നടപ്പാക്കിയത്. 2008 മുതല്‍ നടപ്പാക്കി വന്ന ഊഴ സമ്പ്രദായം തുടക്കത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ മണല്‍ വിതരണം ഓണ്‍ലൈന്‍ സമ്പ്രദായമാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ഓണ്‍ലൈന്‍ വഴി മണല്‍ ടോക്കണ്‍ ലഭിക്കുന്ന ഉപഭോക്താവിന് സ്വന്തം പഞ്ചായത്തിലെ കടവില്‍ നിന്ന് മണല്‍ പലപ്പോഴും കിട്ടാറില്ല. ദൂരെദിക്കില്‍ നിന്നെവിടെന്നെങ്കിലുമാണ് മണല്‍ ലഭിക്കുന്നത്. കിലോമീറ്റര്‍ കണക്കിന് ദൂരം താണ്ടി മണല്‍ കൊണ്ടുവരുമ്പോള്‍ ചെലവ് കൂടുന്നു എന്നതാണ് ഒരു പ്രശ്‌നം. മാത്രവുമല്ല ലഭിക്കുന്ന മണലിന്റെ ഇനം ആവശ്യത്തിന് പറ്റിയതാകണമെന്നില്ല (വാര്‍പ്പ്, തേപ്പ്, പടവ് ഇതിനെല്ലാം തരംതിരിച്ച മണലാണ് അഭികാമ്യം). വാടകയാകട്ടെ പല പഞ്ചായത്തുകളിലും പലവിധത്തിലാണ്. കടത്തുകൂലിയും വിഭിന്നതരത്തിലാണ്. എല്ലാറ്റിനും പുറമെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് വണ്ടികൊണ്ടുപോകാനും പലപ്പോഴും പ്രയാസം. ഊഴസമ്പ്രദായത്തില്‍ ലഭിക്കുന്ന വണ്ടി വലിയ ലോറിയോ മസ്ദ വണ്ടിയോ ആണെങ്കില്‍ പാതിവഴിയില്‍ മണലിറക്കേണ്ടിവരും. പിന്നീട് പ്രവൃത്തിസ്ഥലത്തേക്ക് ചുമടായിട്ടോ ട്രോളിയിലോ കയറ്റേണ്ടിവരുന്നത് മൂലം കൂലിച്ചെലവും കൂടുന്നു. ഓണ്‍ലൈന്‍ സംവിധാനത്തില്‍ വരുന്ന ബുദ്ധിമുട്ടിനു പുറമെ വണ്ടിവാടക, കടത്തുകൂലി തുടങ്ങിയവയും തോന്നിയതുപോലെ ആയപ്പോഴാണ് ഇതില്‍ നിന്ന് രക്ഷ തേടി ഉപഭോക്താക്കള്‍ കോടതി കയറിയത്. ഓണ്‍ലൈന്‍ സംവിധാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ കോടതിവിധി വരാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ ആഗസ്ത് എട്ടിന് ആണ് ഹൈക്കോടതിവിധി വന്നത്. ബന്ധപ്പെട്ട അധികാരികള്‍ അനുവദിക്കുന്ന മണല്‍ കടവുകളില്‍ നിന്ന് കൊണ്ടുപോകാന്‍ ഇഷ്ടമുള്ള വാഹനവുമായി വരാമെന്നാണ് വിധി. ഇതനുസരിച്ച് ജില്ലയില്‍ പ്രശ്‌നം ആദ്യം ഉടലെടുത്തത് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിയിലാണ്. ഇവിടെ സ്വന്തം ഇഷ്ടപ്രകാരം മണലെടുക്കാനെത്തിയ ഉപഭോക്താക്കള്‍ക്ക് മണല്‍ നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ദിവസങ്ങളോളം ചെറുവാടിക്കടവില്‍ മണല്‍ വിതരണം തടസ്സപ്പെട്ടു. കോടതിവിധിയുമായി ഉപഭോക്താക്കള്‍ ജില്ലാ കളക്ടറെ സമീപിച്ചതിനെത്തുടര്‍ന്ന് ചെറുവാടികടവില്‍ മാത്രം സ്വന്തം വണ്ടിയില്‍ മണല്‍ കൊടുക്കാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
വീണ്ടും റിട്ട് ഹരജിയുമായി കളക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഉപഭോക്താക്കള്‍ കോടതിയിലെത്തി. കോടതി ജില്ലാ കളക്ടര്‍ക്ക് ആഗസ്ത് എട്ടിന്റെ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്കി. ഇതനുസരിച്ച് നവംബര്‍ 22ന് ജില്ലാ കളക്ടര്‍ പുതിയ ഉത്തരവിറക്കി. കൊടിയത്തൂരിലേക്കും ജില്ലയിലെ മറ്റു മണല്‍ കടവുകളുള്ള പഞ്ചായത്തിലേക്കും അയച്ചു.
നവംബര്‍ 14ന് താനിറക്കിയ ഉത്തരവ് ഹൈക്കോടതി വിധിയുടെ ലംഘനമായതിനാല്‍ അത് റദ്ദ് ചെയ്യുന്നുവെന്നും മണല്‍ ഉപഭോക്താവിന് അവര്‍ക്കിഷ്ടമുള്ള വാഹനം കടവിലെത്തിച്ചാല്‍ മണല്‍ നല്കണമെന്നുമായിരുന്നു കളക്ടറുടെ പുതിയ ഉത്തരവ്. കളക്ടറുടെ പുനര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ മണല്‍ കടവുകളിലും സ്വന്തം വണ്ടിയുമായി വരുന്നവര്‍ക്ക് മണല്‍ നല്കി. എന്നാല്‍, നവംബര്‍ 28 ന് എത്തിയ രണ്ട് ഗുണഭോക്താക്കള്‍ക്ക് റൈറ്റര്‍ മണല്‍ നിഷേധിച്ചു. കശപിശയും വാക്കേറ്റവും നടന്നു. പഞ്ചായത്തധികൃതര്‍ ഊഴസമ്പ്രദായത്തില്‍ മാത്രം മണല്‍ നല്‍കിയാല്‍ മതിയെന്നും അതിനുകഴിയില്ലെങ്കില്‍ മണല്‍വിതരണം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.
അന്ന് മണല്‍വിതരണം നടത്താതെ പിറ്റേദിവസം മണല്‍ വിതരണം നടത്താനുള്ള ശ്രമം നടത്തിയെങ്കിലും ഊഴസമ്പ്രദായക്കാരും സ്വന്തം വണ്ടിയുമായെത്തിയവരും തമ്മില്‍ വാക്കേറ്റവും ബഹളവുമായി. പഞ്ചായത്തധികൃതരാകട്ടെ ഈ പ്രശ്‌നത്തോട് നിസ്സംഗഭാവം നടിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിതരണം സംബന്ധിച്ച് തര്‍ക്കമുണ്ടായ കടവില്‍ വരികയോ ഇരുവിഭാഗക്കാരെയും വിളിച്ചുവരുത്തി ചര്‍ച്ചനടത്തുകയോ ചെയ്തില്ല. ഫലത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി കൂളിമാട് കടവില്‍നിന്നുള്ള മണല്‍വിതരണം സ്തംഭിച്ചിരിക്കുകയാണ്.
ഇതേ തര്‍ക്കം മാവൂര്‍ പഞ്ചായത്തിലെ ഊര്‍ക്കടവിലും തിങ്കളാഴ്ചയോടെ ആരംഭിച്ചിരിക്കുകയാണ്. ഊഴവണ്ടിക്കാരെ പരിഗണിക്കാതെ സ്വന്തം വണ്ടിയുമായി മണലിന് കടവിലെത്തിയതാണ് മണല്‍വിതരണം ഇവിടെയും തടസ്സപ്പെടാനിടയായത്.
അതേസമയം പെരുവയല്‍ പഞ്ചായത്തില്‍ കഴിഞ്ഞ ശനിയാഴ്ചതന്നെ കോടതി ഉത്തരവും കളക്ടറുടെ പുതിയ നിര്‍ദേശവും നടപ്പാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഇവിടെ കായലം, പള്ളിത്താഴം കടവുകളില്‍ സ്വകാര്യ വാഹനവുമായി മണലിനെത്തിയവര്‍ക്ക് മണല്‍ നല്‍കി.
ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി കടവുകളിലെ മണല്‍വിതരണം (ഊഴസമ്പ്രദായം) കൂലിപ്രശ്‌നം സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. പെരുമണ്ണയിലാകട്ടെ (വെള്ളായിക്കോട് മണല്‍കടവില്‍) കഴിഞ്ഞ ശനിയാഴ്ച ഊഴസമ്പ്രദായം മറികടന്ന് ഉപഭോക്താവ് വണ്ടിയുമായി മണലിനെത്തിയിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമടങ്ങുന്ന ഭരണസംഘം ഇരുകൂട്ടരെയും വിളിച്ചുവരുത്തി ബുധനാഴ്ചവരെ നിലവിലെ സ്ഥിതി തുടര്‍ന്നുപോകാന്‍ ധാരണയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ നാലു വര്‍ഷമായി മിക്ക പഞ്ചായത്തുകളിലും നിലനിന്നുപോന്ന ഊഴ സമ്പ്രദായമാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
അങ്ങനെവരുമ്പോള്‍ ഏതു പഞ്ചായത്തിലെ ഏതു വണ്ടികള്‍ക്കും എല്ലാ മണല്‍കടവുകളിലും മണലെടുക്കാന്‍ പോകാം. പക്ഷേ, എല്ലാ വണ്ടികള്‍ക്കും മണല്‍ കടത്താനുള്ള ജോലി കിട്ടിക്കൊള്ളണമെന്നില്ല. മറിച്ച് ഒരേ വണ്ടിക്കുതന്നെ തവണ പരിമിതിയില്ലാതെയും ദിവസപരിമിതിയില്ലാതെയും മണല്‍ കയറ്റിക്കൊണ്ടുപോകാന്‍ കഴിയും. ഇവിടെ ചില വണ്ടികള്‍ തഴയപ്പെട്ടേക്കാം. മാത്രവുമല്ല വണ്ടി വാടക കാര്യത്തില്‍ മാത്സര്യം സംജാതമാകും. ഫലത്തില്‍ ഇത് ഉപഭോക്താവിന് ഗുണംചെയ്യുമെന്നാണ് കരുതപ്പെടുന്നത്.