Showing posts with label Cherupa. Show all posts
Showing posts with label Cherupa. Show all posts

Wednesday, 3 December 2014

ചെറൂപ്പയെ ലഹരിമുക്തമാക്കാന്‍ വിളംബരവുമായി നാട്ടുകൂട്ടം

ചെറൂപ്പ: ലഹരി-പുകയിലമുക്തമാകുന്ന ചെറൂപ്പക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാട്ടുകൂട്ടത്തിന്‍െറ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി.
ചെറൂപ്പ ഹെല്‍ത്ത് യൂനിറ്റ് പരിസരത്ത് നിന്നാരംഭിച്ച ജാഥയില്‍ നാട്ടുകാര്‍ക്കൊപ്പം മാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസും സോഷ്യല്‍ ക്ളബും അണിചേര്‍ന്നു.റാലിക്കുശേഷം നടന്ന യോഗം കുന്ദമംഗലം ബ്ളോക് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപ പുലിയപുറം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍ കരീം, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്‍റ് ഫാത്തിമ സുഹറ, പഞ്ചായത്തംഗങ്ങളായ വി.കെ. ഷരീഫ, കെ. ഉസ്മാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോസ് ജോണ്‍, ജസ്റ്റിന്‍ ആന്‍റണി, സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സോഷ്യല്‍ ക്ളബിന്‍െറ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശ തെരുവുനാടകം നടന്നു.

Saturday, 3 November 2012

ഊര്‍ക്കടവില്‍ യാത്രാബോട്ട് തകര്‍ന്ന് ചിന്നിച്ചിതറി; ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഊര്‍ക്കടവ: ചാലിയാറിലെ ഊര്‍ക്കടവില്‍ യാത്രാബോട്ട്തകര്‍ന്ന് ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപമാണ് സംഭവം. മമ്പാട്ടുനിന്ന് ചാലിയത്തേക്ക് പോവുകയായിരുന്ന ‘സിംനാ ഫാത്തിമ’ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്രാമധ്യേ ഊര്‍ക്കടവ് പാലത്തിന്‍െറ ആദ്യ ഷട്ടര്‍ തുറന്ന് ഉള്ളില്‍ പ്രവേശിച്ച ഉടനെ ബോട്ടിന്‍െറ രണ്ട് എന്‍ജിനുകളും ഓഫായതായി ജീവനക്കാര്‍ പറഞ്ഞു. ആക്സിലേറ്ററിന്‍െറ സ്ക്രൂ തെറിച്ചുവീണതാണ് എന്‍ജിന്‍ ഓഫാവാന്‍ നിമിത്തമായത്. ഷട്ടര്‍ തുറന്ന പാടേ ഇരച്ചുകയറിയ വെള്ളത്തില്‍പ്പെട്ട ബോട്ട് നിയന്ത്രണം തെറ്റി കീഴ്മേല്‍ ആടിയുലയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തകരുകയുമായിരുന്നു.
വെള്ളത്തില്‍ മുങ്ങിത്താണ ബോട്ട് ജീവനക്കാരായ സലീം, ഷംസുദ്ദീന്‍, അലവി, മോന്‍സി എന്നിവരെ ആറ്റക്കോയ തങ്ങള്‍, മാനു, മുജീബ്, റിയാസ് തുടങ്ങിയവരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. മോന്‍സി ഒഴിച്ചുള്ളവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. മോന്‍സിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മമ്പാട് വീമ്പുങ്ങല്‍ ഓടായിക്കല്‍ കടത്തുബോട്ടായി കൊണ്ടുവന്ന ‘സിംനാ ഫാത്തിമ’യെ വെള്ളം കുറഞ്ഞത് കാരണം തിരികെ ചാലിയത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്‍െറ ഭാഗങ്ങള്‍ കവണകല്ല് പാലത്തിന് താഴെ ചാലിയാറില്‍ പലയിടത്തായി ഒഴുകിപ്പോയി. ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍, പണം അടങ്ങിയ പഴ്സ്, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ വെള്ളത്തില്‍ നഷ്ടപ്പെട്ടു.

Tuesday, 2 October 2012

നദീസംരക്ഷണദിനാചരണം നാളെ കവണക്കല്ലില്‍

ഊര്‍ക്കടവ്: കേരള നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള നദീസംരക്ഷണ ദിനാചരണ പരിപാടികള്‍ ബുധനാഴ്ച ചാലിയാറിലെ ഊര്‍ക്കടവ് കണവക്കല്ലില്‍ നടക്കും.
നദീദിന പ്രതിജ്ഞ, നദീദിന സന്ദേശം, ശാസ്ത്രസെമിനാര്‍, പാനല്‍ചര്‍ച്ച, സി.ഡി. പ്രകാശനം, പുസ്തകപ്രകാശനം, പുസ്തകപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, നദീപ്രവര്‍ത്തകസംഗമം തുടങ്ങിയവയാണ് പരിപാടികള്‍.കാലത്ത് ഒമ്പതിന് മലപ്പുറം ഡി.ഡി. കെ.സി. ഗോപി നദീദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ നദീദിന സന്ദേശം നല്‍കും. തുടര്‍ന്ന് ചാലിയാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകനായിരുന്ന കെ.എ. റഹ്മാന്‍ നഗറില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ശാസ്ത്രസെമിനാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പരിസ്ഥിതി, കാലാവസ്ഥാ പഠനവിഭാഗം ഡയറക്ടര്‍ പി. ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
സെമിനാറിന്റെ രണ്ടാം സെഷനില്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍, എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം 'നദികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍', 'പശ്ചിമഘട്ടവും നദികളും' എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. എസ്. സീതാരാമന്‍ മോഡറേറ്ററായിരിക്കും.

Tuesday, 25 September 2012

ഗണിതശാസ്ത്ര സെമിനാര്‍ നടത്തി

ചെറൂപ്പ : ദേശീയ ഗണിതശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി ചെറൂപ്പ ജി.എല്‍.പി.സ്‌കൂളില്‍ ഗണിതശാസ്ത്ര വിളംബരജാഥയും സെമിനാറും നടത്തി. പി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലീഡര്‍ എ.കെ. സഫ്‌ന, ടി.എസ്. അനില്‍കുമാര്‍, എം. മുഹമ്മദ്, ആര്‍. ആശ, മുഹമ്മദ് ഫാദില്‍ എന്നിവര്‍ സംസാരിച്ചു.

Friday, 21 September 2012

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച

ചെറൂപ്പ: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ(എന്‍.ആര്‍.എച്ച്.എം)ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരോഗ്യ വകുപ്പ് നടത്തുന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സപ്തംബര്‍ 22-ന് ചെറൂപ്പയില്‍ നടക്കും.
രാവിലെ ഒമ്പതു മുതല്‍ പന്ത്രണ്ട്‌വരെ ചെറൂപ്പ ഹെല്‍ത്ത് സെന്റററിലാണ് ക്യാമ്പ് നടക്കുക. രോഗികളെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച്‌സൗജന്യമായി മരുന്നുകള്‍ നല്‍കും.

നദീ ദിനാചരണം-2012 കവണക്കല്ലില്‍

ഊര്‍ക്കടവ്: കേരള നദീസംരക്ഷണ സമിതി നദീദിനാചരണം 2012 ഒക്ടോബര്‍ മൂന്നിന് ചാലിയാര്‍ ഊര്‍ക്കടവ് കവണക്കല്ലില്‍ നടക്കും.
നദീദിന പ്രതിജ്ഞ, നദീദിനസന്ദേശം, ശാസ്ത്രസെമിനാര്‍, പാനല്‍ ചര്‍ച്ച, സി.ഡി. പ്രകാശനം, പുസ്തക പ്രകാശനം, തെരുവ്‌നാടകം, ചിത്ര പ്രദര്‍ശനം, നദീപ്രവര്‍ത്തക സംഗമം, പുസ്തകപ്രദര്‍ശനം തുടങ്ങിയവ ദിനാചരണ പരിപാടിയുടെ ഭാഗമായി നടക്കും.

Saturday, 1 September 2012

വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു

പെരുവയല്‍: പെരുവയലില്‍ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. അത്തിക്കാട്ട് ജമാലുദ്ദീന്‍െറ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. അടുക്കള വാതിലിന്‍െറ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും മൂന്നു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. മോഷണ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് മാവൂര്‍ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡിലെ സിംബ എന്ന പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മോഷ്ടാവ് ഉപയോഗിച്ചതായി കരുതുന്ന കൊടുവാളിലും പാരയിലും മണം പിടിച്ചശേഷം പൊലീസ് നായ സമീപത്തെ പറമ്പുകളിലൂടെ അല്‍പദൂരംഓടി ഒരു വീടിനു സമീപവും അതിനടുത്ത തെങ്ങിന്‍ ചുവട്ടിലും നിന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അവിടെ കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.

Monday, 16 July 2012

ചെറൂപ്പ ആസ്‌പത്രിയിലെ ഒഴിവുകള്‍ നികത്തണം

ചെറൂപ്പ: ചെറൂപ്പ ആസ്​പത്രിയിലെ ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കണമെന്ന് മാവൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിധീഷ് നങ്ങാലത്ത് അധ്യക്ഷത വഹിച്ചു.

Wednesday, 6 June 2012

കോളറ : ഒ.ആര്‍.ടി. സംഘം ചെറൂപ്പ സന്ദര്‍ശിച്ചു

ചെറൂപ്പ: ജില്ലയില്‍ കോളറ സ്ഥിരീകരിച്ച മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പ മലപ്രത്ത് ഒ.ആര്‍.ടി. (ഓറല്‍ റീ ഹൈഡ്രേഷന്‍ തെറാപ്പി) സംഘം സന്ദര്‍ശിച്ചു. തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍നിന്നുള്ള സംസ്ഥാന ഒ.ആര്‍.ടി. ഓഫീസര്‍ ഡോ. രാജീവന്‍, ആരോഗ്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. നോബിള്‍ രാജ്, കോഴിക്കോട് ഡി.എം.ഒ. പ്രതിനിധി എം.പി. മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്രത്തെത്തിയത്.
ചെറൂപ്പ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോസ് ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. കുടിവെള്ള പദ്ധതി കണ്‍വീനര്‍ ഇ. ശ്രീധരന്‍ നായര്‍, വാര്‍ഡംഗം വി. ശ്രീജ എന്നിവരുമായും ചര്‍ച്ച നടത്തി.

രണ്ടാഴ്ച മുമ്പ് മൈസൂരിലേക്ക് വിനോദയാത്ര പോയിരുന്ന മലപ്രം എടക്കണ്ടി ബാബു, ഭാര്യ സിന്ധു എന്നിവര്‍ക്കാണ് കോളറ പിടിപെട്ടത്. ബുധനാഴ്ച സംഘം ബേപ്പൂര്‍ സന്ദര്‍ശിക്കും.

Saturday, 2 June 2012

മാവൂര്‍ പ്രവേശനോത്സവം ചെറൂപ്പയില്‍

ചെറൂപ്പ: പുതിയ അധ്യയനവര്‍ഷത്തെ മാവൂര്‍ ഗ്രാമപ്പഞ്ചായത്ത്തല പ്രവേശോത്സവം ചെറൂപ്പ ഗവ. എല്‍.പി.സ്‌കൂളില്‍ നടക്കും. പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് ഉദ്ഘാടനം ചെയ്യും. മാങ്ങാട്ട് അബ്ദുറസാഖ് അധ്യക്ഷത വഹിക്കും.

Monday, 21 May 2012

യൂണിഫോം വിതരണം മാറ്റിവെച്ചു

ചെറൂപ്പ: ചെറൂപ്പ മണക്കാട് ജി.യു.പി. സ്‌കൂളില്‍ മെയ് 21-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യൂണിഫോം വിതരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. വിതരണതിയ്യതി പിന്നിട് അറിയിക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

Saturday, 12 May 2012

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പെരുവയലില്‍ കര്‍മ പരിപാടി

പെരുവയല്‍: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനത്തിനിടെ നിലനില്പ് പ്രതിസന്ധിയിലായ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പെരുവയല്‍ പഞ്ചായത്ത് കര്‍മപദ്ധതി ആവിഷ്‌കരിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പൊതുവിദ്യാലയ സംരക്ഷണസംഗമം സംഘടിപ്പിച്ചു. ഓരോ വിദ്യാലയവും അഡ്മിഷന്‍ രംഗത്ത് നേരിടുന്ന പ്രതിസന്ധികള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്തു.
പഞ്ചായത്തിലെ പത്ത് പ്രൈമറി വിദ്യാലയങ്ങളില്‍ മൂന്ന് വിദ്യാലയങ്ങളില്‍ നൂറില്‍ താഴെയാണ് വിദ്യാര്‍ഥികളുടെ എണ്ണം. ഇവ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്ന സ്ഥിതിയാണുള്ളത്.
മറ്റ് ഏഴിടത്തും കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പഞ്ചായത്തില്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് സംഗമം സംഘടിപ്പിച്ചത്.
ഓരോ വിദ്യാലയത്തിലും വിപുലമായ കണ്‍വെന്‍ഷന്‍ ചേരാനും അതത് വിദ്യാലയം നേരിടുന്ന പ്രയാസങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയിലൂടെ പരിഹാരം കാണാനും തീരുമാനിച്ചു. ഗ്രാമസഭകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും.

മോശം അവസ്ഥയില്‍ കെട്ടിടങ്ങളുള്ള വിദ്യാലയങ്ങളിലെ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് വകയിരുത്താനും 2012-'13 വര്‍ഷത്തില്‍ വിദ്യാലയ ശാക്തീകരണത്തിനുതകുന്ന കൂടുതല്‍ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു.

അധ്യാപകര്‍, പി.ടി.എ., എം.പി.ടി.എ. ഭാരവാഹികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് പി. അസ്മാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എം. സദാശിവന്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കുന്നുമ്മല്‍ സുലൈഖ, പൊതാത്ത് മുഹമ്മദ് ഹാജി, മെമ്പര്‍മാരായ പി.കെ. ഷറഫുദ്ദീന്‍, ടി.എം. ചന്ദ്രശേഖരന്‍, സി.കെ. ഫസീല, നിര്‍വഹണ ഉദ്യോഗസ്ഥന്‍ എം.പി. ഗോവിന്ദന്‍കുട്ടി, സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, 9 March 2012

ഗസ്റ്റ് അധ്യാപക നിയമനം


ചെറൂപ്പ: ചെറൂപ്പ മണക്കാട് ഗവ. യു.പി.സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൈമറി (എല്‍.പി.എസ്.എ.) അധ്യാപകനെ ആവശ്യമുണ്ട.്
കൂടിക്കാഴ്ച മാര്‍ച്ച് 12ന് തിങ്കള്‍ ഉച്ചയ്ക്ക് മൂന്നിന് സ്‌കൂള്‍ ഓഫീസില്‍.

Monday, 27 February 2012

ചെറൂപ്പ ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ചെറൂപ്പ: ചെറൂപ്പ നൊച്ചിക്കാട്ട് കടവ് ഗവ.എല്‍.പി.സ്‌കൂളിന്റെ 85-ാം വാര്‍ഷികം ആഘോഷിച്ചു. എസ്.എസ്.എ.പദ്ധതിയില്‍ മൂന്നുലക്ഷത്തിപതിനായിരം രൂപ വിനിയോഗിച്ച് നിര്‍മിച്ച പ്രധാനാധ്യാപകന്റെ മുറിയും എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബും വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.സി.അബ്ദുള്‍ കരീം, സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്മാരായ മാങ്ങാട്ട് അബ്ദുല്‍ റസാഖ്, വളപ്പില്‍ റസാഖ്, പഞ്ചായത്തംഗങ്ങളായ വി.കെ.ഷരീഫ്, കെ.ടി.ശിവദാസന്‍, ലളിത മണ്ണാറക്കല്‍, സുനന്ദകൃഷ്ണന്‍, പ്രധാനാധ്യാപകന്‍ പി.അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, 4 January 2012

ചോര്‍ച്ചകളെല്ലാം അടച്ചു; ജലവിതരണം പുനഃസ്ഥാപിച്ചു

തെങ്ങിലക്കടവ്: ഒരാഴ്ചയോളമായി തെങ്ങിലക്കടവ് പാലത്തിന് സമീപത്ത് ജലവിതരണ പൈപ്പിനുണ്ടായ ചോര്‍ച്ചയടക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി. നിര്‍ത്തിവെച്ചിരുന്ന കൂളിമാടിലെ പതിനെട്ട് ദശലക്ഷം ലിറ്റര്‍ ജലവിതരണശേഷിയുള്ള പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനവും പുനരാരംഭിച്ചു.
നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചയോടെ പതിവുരീതിയില്‍ വെള്ളം കിട്ടിത്തുടങ്ങുമെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നരമാസം മുമ്പ് തുടങ്ങിയ പൈപ്പിന്റെ ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തിയാണ് അതോറിറ്റി എന്‍ജിനീയര്‍മാരെ വെള്ളം കുടിപ്പിച്ചത്. കൊച്ചിയില്‍നിന്ന് വിദഗ്ധരെ വരുത്തി ഇലക്‌ട്രോ ഫ്യൂഷന്‍ ജോയന്റ് വഴി വിള്ളല്‍ഭാഗം കൂട്ടിയോജിപ്പിച്ചു. മറ്റേ അറ്റം ഘടിപ്പിക്കേണ്ടത് കാസ്റ്റ് അയേണ്‍ പൈപ്പുമായിട്ടായിരുന്നു. ഇതിന് പ്രാദേശിക ഫിറ്റര്‍മാര്‍ ആദ്യദിവസം നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീട് ഇവര്‍തന്നെ ഡ്രം കോളര്‍ വെച്ചുപിടിപ്പിച്ച് വിള്ളല്‍ അടച്ചു.

Tuesday, 3 January 2012

തെങ്ങിലക്കടവിലെ പൈപ്പ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു

ചോര്‍ച്ച അടയ്ക്കുന്നത് ഡ്രം കോളര്‍ ഘടിപ്പിച്ച്

തെങ്ങിലക്കടവ: നഗരത്തിലെ ജലവിതരണം അവതാളത്തിലാക്കിയ തെങ്ങിലക്കടവിലെ പൈപ്പുലൈനിന്റെ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച രാത്രിയില്‍ വീണ്ടും ചോര്‍ച്ച തുടങ്ങിയ എച്ച്.ഡി.പി.ഇ. പൈപ്പിന്റെ അറ്റകുറ്റപ്പണിയാണ് തിങ്കളാഴ്ച രാത്രി വൈകിയും പുരോഗമിക്കുന്നത്.
ബേപ്പൂരിലെ സില്‍ക്കില്‍ നിന്നും പ്രത്യേകമായി നിര്‍മിച്ച ഡ്രം കോളര്‍ കൊണ്ടുവന്ന് ഘടിപ്പിച്ചാണ് ചോര്‍ച്ച അടയ്ക്കുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് വന്ന വിദഗ്ധര്‍ ഇലക്‌ട്രോ ഫ്യൂഷന്‍ ജോയന്റ് വഴി കൂട്ടിയോജിപ്പിച്ച ഭാഗത്താണ് ഞായറാഴ്ച വിള്ളലുണ്ടായത്. ഈ പൈപ്പിന്റെ മറ്റേ അറ്റം കാസ്റ്റ് അയേണ്‍ ജോയന്റുമായി യോജിപ്പിക്കുന്ന സ്ഥലത്തെ ചോര്‍ച്ച അടച്ചത് ഡ്രം കോളര്‍ ഘടിപ്പിച്ചാണ്. ഈ ഒരു പരീക്ഷണമാണ് എച്ച്.ഡി.പി.ഇ പൈപ്പിന്റെ വിള്ളല്‍ തീര്‍ക്കാനും അധികൃതര്‍ നടത്തുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ചോച്ചയടയ്ക്കല്‍ പൂര്‍ത്തീകരിച്ച് പമ്പിങ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ജിനീയര്‍മാര്‍.
അതിനിടെ ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ആര്‍. സുകുമാരന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ റാഫി തുടങ്ങിയവര്‍ തെങ്ങിലക്കടവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഏതാനും ദിവസങ്ങളായി നഗരത്തില്‍ ജലവിതരണം ഭാഗികമായി മാത്രമാണ് നടക്കുന്നത്. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹമീദ്, അസി. എക്‌സി. എന്‍ജിനീയര്‍ അബ്ദുന്നാസര്‍ പനോളി, അസിസ്റ്റന്റ് എന്‍ജിനീയര്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോര്‍ച്ചയടയ്ക്കല്‍ നടക്കുന്നത്.
തെങ്ങിലക്കടവില്‍ പുഴയ്ക്കടിയിലൂടെ സ്ഥാപിച്ചിട്ടുള്ള എച്ച്.ഡി.പി.ഇ. പൈപ്പിന് അറ്റകുറ്റപ്പണി നടത്തുക ഏറെ ക്ലേശകരമാണ്. അതിനാല്‍ ഒരു മേല്‍പ്പാലം തന്നെ സ്ഥാപിച്ച് അതിലൂടെ ഡി.ഐ. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ആലോചന ജലഅതോറിറ്റിയുടെ പരിഗണനയിലുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ സുകുമാരന്‍ പറഞ്ഞു.

Monday, 2 January 2012

ജലവിതരണം രണ്ടുദിവസംകൂടി ഭാഗികം ചോര്‍ച്ചയടയ്ക്കല്‍ കീറാമുട്ടിയായി; എച്ച്.ഡി.പി.ഇ. പൈപ്പിന് വീണ്ടും ചോര്‍ച്ച

തെങ്ങിലക്കടവ്: നഗരത്തിലേക്കുള്ള ജലവിതരണ പൈപ്പിന് തെങ്ങിലക്കടവ് പാലത്തിന് സമീപത്തുണ്ടായ ചോര്‍ച്ച അടയ്ക്കുന്ന ജോലി ജലഅതോറിറ്റി അധികൃതര്‍ക്ക് കീറാമുട്ടിയായി. വിദഗ്ധര്‍ ചോര്‍ച്ച അടച്ച ഭാഗത്ത് പുതിയതായി വിള്ളല്‍ ഉണ്ടായതാണ് പുതിയ തലവേദനയായത്.
പ്രാദേശിക ഫിറ്റര്‍മാര്‍ ശനിയാഴ്ച രാത്രിയോടെ വിദഗ്ധര്‍ ഒട്ടിച്ച എച്ച്.ഡി.പി.ഇ. പൈപ്പ്, കാസ്റ്റ് അയേണ്‍ പൈപ്പ്‌ലൈനിന്റെ ജോയന്റുമായി ഘടിപ്പിച്ചിരുന്നു. പരിശോധനാ പമ്പിങ് നടത്തിയപ്പോള്‍ ശനിയാഴ്ച രാത്രി പത്തുമണിയോടെ ഇവിടെ വെച്ചിരുന്ന പാക്കിങുകള്‍ പുറത്തേക്ക് തള്ളിപ്പോയി. തുടര്‍ന്ന് കൂളിമാടുനിന്നുള്ള പമ്പിങ് വീണ്ടും നിര്‍ത്തിവെച്ചു. ഞായറാഴ്ച കാലത്ത് മുതല്‍ പ്രാദേശിക ഫിറ്റര്‍മാര്‍ അതോറിറ്റി എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ കഠിനപ്രയത്‌നം നടത്തി ജോയന്റിലെ ചോര്‍ച്ച അടച്ചു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ വീണ്ടും പമ്പിങ് തുടങ്ങി. പരിശോധിച്ചപ്പോഴാണ് വിദഗ്ധര്‍ ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് മുഖേന ഒട്ടിച്ച ഭാഗത്ത് പൈപ്പിന് വിള്ളല്‍ കണ്ടത്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ പമ്പിങ് വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഈ ഭാഗം ഇനി മറുഭാഗത്തെപ്പോലെ കോളര്‍ ഘടിപ്പിച്ച് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ഇവിടെ എച്ച്.ഡി.പി.ഇ. പൈപ്പിന് കോളര്‍ ഇടേണ്ടിവന്നാല്‍ പ്രത്യേകമായി ഓര്‍ഡര്‍ ചെയ്തുതയ്യാറാക്കിയെടുക്കണം. കരുതലായി ഓര്‍ഡര്‍ ചെയ്തിരുന്ന ഒരു കോളര്‍ തിങ്കളാഴ്ച ഉച്ചയോടെ കൊണ്ടുവന്ന് പുതുതായി വിള്ളലുണ്ടായ ഭാഗത്ത് ഘടിപ്പിക്കാനാണ് തീരുമാനം. സില്‍ക്കിനെയാണ് ഈ കോളര്‍ നിര്‍മിക്കാനായി ഏല്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസമായി രാപകല്‍ അതോറിറ്റി ഉദ്യോഗസ്ഥരും ഫിറ്റര്‍മാരും പൈപ്പ് നന്നാക്കുന്ന ജോലിയിലാണ്. ജോലിക്കാര്‍ അവശരായതോടെ ഞായറാഴ്ച രാത്രിയിലെ അറ്റകുറ്റപ്പണി നിര്‍ത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് സില്‍ക്കില്‍നിന്ന് കോളര്‍ വന്നശേഷമേ ഇനി ജോലി നടക്കൂ എന്ന തീരുമാനത്തില്‍ അതോറിറ്റി എന്‍ജിനീയര്‍മാരും തിരിച്ചുപോയി.
അതിനിടെ പുഴയിലൂടെ നാല്പത് വര്‍ഷം മുമ്പ് സ്ഥാപിച്ചിട്ടുള്ള പ്രിമോപൈപ്പ് വഴി പതിനെട്ട് എം.എല്‍.സി. പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള വെള്ളം തിരിച്ചുവിടാനുള്ള ആലോചന അതോറിറ്റി എന്‍ജിനീയര്‍മാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

Sunday, 1 January 2012

പൈപ്പ് ചോര്‍ച്ച വിദഗ്ധ സംഘത്തിന്റെ ശ്രമം പരാജയം; ചോര്‍ച്ച അടച്ചത് പ്രാദേശിക ഫിറ്റര്‍മാര്‍

തെങ്ങിലക്കടവ്: നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ്‌ലൈനിന് തെങ്ങിലക്കടവ് ഭാഗത്തുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ കൊച്ചിയില്‍നിന്നെത്തിയ വിദഗ്ധസംഘത്തിനും സാധിച്ചില്ല. അവസാനം അതോറിറ്റി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശിക ഫിറ്റര്‍മാര്‍തന്നെ ചോര്‍ച്ച താത്കാലികമായി അടച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയില്‍നിന്ന് പൈപ്പിന്റെ ചോര്‍ച്ച അടയ്ക്കാനായി വിദഗ്ധസംഘമെത്തിയത്. വിള്ളലുള്ള പൈപ്പ് പുറത്തെടുത്ത് ഒരറ്റം ഇലക്‌ട്രോ ഫ്യൂഷന്‍ ജോയന്റ് മുഖേന കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഈ പ്രവൃത്തി ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് ഇതിനെ പൈപ്പിന്റെ മറ്റേ അറ്റവുമായി കൂട്ടിയോജിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് വിജയം കാണാതെ പോയത്. പിന്നീട് അതോറിറ്റി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നാടന്‍ ഫിറ്റര്‍മാരുടെ ശ്രമഫലമായാണ് ഇത് വിജയിച്ചത്.
അതിനിടെ ഒന്നര മാസത്തിലേറെയായി പൈപ്പ്‌ലൈനിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് കീറി യാത്ര തടസ്സപ്പെടുത്തിയതിനെ ചോദ്യംചെയ്ത് നാട്ടുകാര്‍ രംഗത്തെത്തി. കൊച്ചിയിലെ വിദഗ്ധസംഘം തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ അവരുടെ വാഹനവും യന്ത്രങ്ങളും തടഞ്ഞുവെച്ചു. റോഡ് മണ്ണിട്ട് പൂര്‍വസ്ഥിയില്‍ ഗതാഗതയോഗ്യമാക്കിയശേഷമേ ഇവരെ പോകാന്‍ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അവസാനം അതോറിറ്റി എന്‍ജിനീയര്‍ നാരായണന്‍ തന്നെ ഇടപെട്ട് നാട്ടുകാരെ ശാന്തരാക്കി വിദഗ്ധസംഘത്തെ പറഞ്ഞുവിടുകയായിരുന്നു.

Saturday, 31 December 2011

പൈപ്പ് ചോര്‍ച്ച: വിദഗ്ധരെത്തി; ജലവിതരണം ഇന്ന് പുനഃസ്ഥാപിച്ചേക്കും

തെങ്ങിലക്കടവ്: നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ്‌ലൈനിലെ ചോര്‍ച്ച അടയ്ക്കുന്നതിനായി കൊച്ചിയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ വിദഗ്ധരെത്തി. തെങ്ങിലക്കടവ് പാലത്തിനു സമീപത്തെ പൈപ്പിലാണ് ചോര്‍ച്ചയുള്ളത്. ഹൈ ഡെന്‍സിറ്റി പോളി എഥ്‌ലിന്‍ പൈപ്പായതിനാല്‍ ജല അതോറിറ്റി എന്‍ജിനീയര്‍മാര്‍ക്കോ മറ്റുള്ള പ്ലംബര്‍മാര്‍ക്കോ ഇത് അടയ്ക്കാന്‍ കഴിയില്ല. ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് എന്ന നൂതന സാങ്കേതികസംവിധാനത്തിലൂടെ മാത്രമേ ചോര്‍ച്ച അടയ്ക്കാന്‍ കഴിയൂ.
മൂന്നാഴ്ച മുമ്പ് കൊച്ചിയില്‍നിന്ന് വിദഗ്ധര്‍ എത്തി ചോര്‍ച്ച അടച്ചിരുന്നു. എന്നാല്‍, പൂര്‍ണമായും വിജയം കണ്ടില്ല. തുടര്‍ന്നാണ് വീണ്ടും കൊച്ചിയില്‍നിന്ന് വിദഗ്ധരെ വരുത്തിയത്.
വിള്ളലുകളുള്ള സ്ഥലം ചെറുപുഴയുടെ തീരത്തോട് ചേര്‍ന്നായതിനാല്‍ ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് വഴി വിള്ളല്‍ കൂട്ടിയോജിപ്പിക്കുക ഏറെ ശ്രമകരമാണ്. പുഴയിലെ ജലവിതാനം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പൈപ്പ് സ്ഥിതിചെയ്യുന്ന കുഴിയില്‍ വെള്ളം കയറുന്നതാണ് ജോലി സങ്കീര്‍ണമാക്കുന്നത്. കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ ജലവിതാനം താഴും. ഇതിനായി ഇറിഗേഷന്‍ വിഭാഗം മേധാവികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും വെള്ളിയാഴ്ച വൈകുന്നേരംവരെ ഷട്ടര്‍ ഉയര്‍ത്തി ജലവിതാനം താഴ്ത്താന്‍ അവര്‍ തയ്യാറായില്ല.
അവസാനം എം.കെ. രാഘവന്‍ എം.പി. ഇടപെട്ടതിനെ ത്തുടര്‍ന്നാണ് കവണക്കല്ലിലെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ഇറിഗേഷന്‍ വിഭാഗം മേധാവികള്‍ തയ്യാറായത്. വിള്ളല്‍ വന്ന എച്ച്.ഡി.പി.ഇ. പൈപ്പ് പുറത്തെടുത്ത് ഇലക്‌ട്രോഫ്യൂഷന്‍ വഴി യോജിപ്പിക്കുന്ന ജോലി രാത്രിയോടെ തീര്‍ന്നു. ഈ പൈപ്പ് പുഴയ്ക്കരികിലുള്ള ബാക്കി ഭാഗവുമായി ഘടിപ്പിക്കുന്ന ജോലിയാണ് രാത്രി ഏറെ വൈകിയും നടക്കുന്നത്.
ശനിയാഴ്ച കാലത്ത് പരിശോധനാ പമ്പിങ് നടത്തിയതിനുശേഷം മാത്രമേ വിദഗ്ധര്‍ മടങ്ങുകയുള്ളൂ. കഴിഞ്ഞ രണ്ട് ദിവസമായി കൂളിമാട്ടെ പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിനാല്‍ നഗരത്തില്‍ രണ്ട് ദിവസമായി ജലവിതരണം ഭാഗികമായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ഇത് പൂര്‍വസ്ഥിതിയിലായേക്കും. ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹമീദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുനാസര്‍ പനോളി. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ നാരായണന്‍, ഗിരീഷ് എന്നിവര്‍ തെങ്ങിലക്കടവില്‍ ക്യാമ്പ് ചെയ്താണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തി നടത്തുന്നത്.

Thursday, 29 December 2011

പൈപ്പ് ചോര്‍ച്ച: മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി

തെങ്ങിലക്കടവ്:നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ് ലൈനിന് തെങ്ങിലക്കടവ് ചെറുപുഴ തീരത്തുണ്ടായ ചോര്‍ച്ചയ്ക്ക് പരിഹാരം പുഴയില്‍ മേല്‍പ്പാലം നിര്‍മിക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുഴയ്ക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ ഡെന്‍സിറ്റി പോളി എത്‌ലീന്‍ പൈപ്പില്‍ വിള്ളലും മറ്റും സംഭവിച്ചാല്‍ അത് നന്നാക്കാന്‍ ഈര്‍പ്പരഹിതമായ സാഹചര്യം അത്യാവശ്യമാണ്. പുഴയ്ക്കടിയിലും പുഴതീരത്തും ഇത് അസാധ്യമാണ്. ഒന്നര വര്‍ഷം മുമ്പ് തെങ്ങിലക്കടവ് ഭാഗത്തെ പൈപ്പില്‍ ഉണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. അതോറിറ്റി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് വിദഗ്ധരെയും വരുത്തി. എന്നിട്ടും ചോര്‍ച്ചയടയ്ക്കാന്‍ സാധിച്ചില്ല. പുഴയില്‍ ഒരു മേല്‍പ്പാലം നിര്‍മിച്ച് പൈപ്പ് അതില്‍ സ്ഥാപിച്ചാല്‍ കേടുപാടുകള്‍ താരതമ്യേന കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം അറ്റകുറ്റപ്പണി വേഗത്തില്‍ നടത്താനും സാധിക്കും.
അതേ സമയം, വാട്ടര്‍ അതോറിറ്റി പുതുതായി തയ്യാറാക്കിയ പദ്ധതിയിലും പുഴയ്ക്കടിയിലൂടെ പൈപ്പ് ലൈന്‍ സമാന്തരമായി സ്ഥാപിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിനായി നാല്പതു ലക്ഷം രൂപ വകയിരുത്തിയതായും അറിയുന്നു.
ഈ സാഹചര്യത്തിലാണ് പുതുതായി സ്ഥാപിക്കുന്ന സമാന്തര പൈപ്പ് ലൈന്‍ മേല്‍പ്പാലം നിര്‍മ്മിച്ച് അതില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്. പുഴയില്‍ മേല്പാലം നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) മാവൂര്‍ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.