Sunday, 1 January 2012

പൈപ്പ് ചോര്‍ച്ച വിദഗ്ധ സംഘത്തിന്റെ ശ്രമം പരാജയം; ചോര്‍ച്ച അടച്ചത് പ്രാദേശിക ഫിറ്റര്‍മാര്‍

തെങ്ങിലക്കടവ്: നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ്‌ലൈനിന് തെങ്ങിലക്കടവ് ഭാഗത്തുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ കൊച്ചിയില്‍നിന്നെത്തിയ വിദഗ്ധസംഘത്തിനും സാധിച്ചില്ല. അവസാനം അതോറിറ്റി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശിക ഫിറ്റര്‍മാര്‍തന്നെ ചോര്‍ച്ച താത്കാലികമായി അടച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയില്‍നിന്ന് പൈപ്പിന്റെ ചോര്‍ച്ച അടയ്ക്കാനായി വിദഗ്ധസംഘമെത്തിയത്. വിള്ളലുള്ള പൈപ്പ് പുറത്തെടുത്ത് ഒരറ്റം ഇലക്‌ട്രോ ഫ്യൂഷന്‍ ജോയന്റ് മുഖേന കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഈ പ്രവൃത്തി ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് ഇതിനെ പൈപ്പിന്റെ മറ്റേ അറ്റവുമായി കൂട്ടിയോജിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് വിജയം കാണാതെ പോയത്. പിന്നീട് അതോറിറ്റി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നാടന്‍ ഫിറ്റര്‍മാരുടെ ശ്രമഫലമായാണ് ഇത് വിജയിച്ചത്.
അതിനിടെ ഒന്നര മാസത്തിലേറെയായി പൈപ്പ്‌ലൈനിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് കീറി യാത്ര തടസ്സപ്പെടുത്തിയതിനെ ചോദ്യംചെയ്ത് നാട്ടുകാര്‍ രംഗത്തെത്തി. കൊച്ചിയിലെ വിദഗ്ധസംഘം തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ അവരുടെ വാഹനവും യന്ത്രങ്ങളും തടഞ്ഞുവെച്ചു. റോഡ് മണ്ണിട്ട് പൂര്‍വസ്ഥിയില്‍ ഗതാഗതയോഗ്യമാക്കിയശേഷമേ ഇവരെ പോകാന്‍ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അവസാനം അതോറിറ്റി എന്‍ജിനീയര്‍ നാരായണന്‍ തന്നെ ഇടപെട്ട് നാട്ടുകാരെ ശാന്തരാക്കി വിദഗ്ധസംഘത്തെ പറഞ്ഞുവിടുകയായിരുന്നു.