Saturday, 31 December 2011

പൈപ്പ് ചോര്‍ച്ച: വിദഗ്ധരെത്തി; ജലവിതരണം ഇന്ന് പുനഃസ്ഥാപിച്ചേക്കും

തെങ്ങിലക്കടവ്: നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ്‌ലൈനിലെ ചോര്‍ച്ച അടയ്ക്കുന്നതിനായി കൊച്ചിയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ വിദഗ്ധരെത്തി. തെങ്ങിലക്കടവ് പാലത്തിനു സമീപത്തെ പൈപ്പിലാണ് ചോര്‍ച്ചയുള്ളത്. ഹൈ ഡെന്‍സിറ്റി പോളി എഥ്‌ലിന്‍ പൈപ്പായതിനാല്‍ ജല അതോറിറ്റി എന്‍ജിനീയര്‍മാര്‍ക്കോ മറ്റുള്ള പ്ലംബര്‍മാര്‍ക്കോ ഇത് അടയ്ക്കാന്‍ കഴിയില്ല. ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് എന്ന നൂതന സാങ്കേതികസംവിധാനത്തിലൂടെ മാത്രമേ ചോര്‍ച്ച അടയ്ക്കാന്‍ കഴിയൂ.
മൂന്നാഴ്ച മുമ്പ് കൊച്ചിയില്‍നിന്ന് വിദഗ്ധര്‍ എത്തി ചോര്‍ച്ച അടച്ചിരുന്നു. എന്നാല്‍, പൂര്‍ണമായും വിജയം കണ്ടില്ല. തുടര്‍ന്നാണ് വീണ്ടും കൊച്ചിയില്‍നിന്ന് വിദഗ്ധരെ വരുത്തിയത്.
വിള്ളലുകളുള്ള സ്ഥലം ചെറുപുഴയുടെ തീരത്തോട് ചേര്‍ന്നായതിനാല്‍ ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് വഴി വിള്ളല്‍ കൂട്ടിയോജിപ്പിക്കുക ഏറെ ശ്രമകരമാണ്. പുഴയിലെ ജലവിതാനം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പൈപ്പ് സ്ഥിതിചെയ്യുന്ന കുഴിയില്‍ വെള്ളം കയറുന്നതാണ് ജോലി സങ്കീര്‍ണമാക്കുന്നത്. കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ ജലവിതാനം താഴും. ഇതിനായി ഇറിഗേഷന്‍ വിഭാഗം മേധാവികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും വെള്ളിയാഴ്ച വൈകുന്നേരംവരെ ഷട്ടര്‍ ഉയര്‍ത്തി ജലവിതാനം താഴ്ത്താന്‍ അവര്‍ തയ്യാറായില്ല.
അവസാനം എം.കെ. രാഘവന്‍ എം.പി. ഇടപെട്ടതിനെ ത്തുടര്‍ന്നാണ് കവണക്കല്ലിലെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ഇറിഗേഷന്‍ വിഭാഗം മേധാവികള്‍ തയ്യാറായത്. വിള്ളല്‍ വന്ന എച്ച്.ഡി.പി.ഇ. പൈപ്പ് പുറത്തെടുത്ത് ഇലക്‌ട്രോഫ്യൂഷന്‍ വഴി യോജിപ്പിക്കുന്ന ജോലി രാത്രിയോടെ തീര്‍ന്നു. ഈ പൈപ്പ് പുഴയ്ക്കരികിലുള്ള ബാക്കി ഭാഗവുമായി ഘടിപ്പിക്കുന്ന ജോലിയാണ് രാത്രി ഏറെ വൈകിയും നടക്കുന്നത്.
ശനിയാഴ്ച കാലത്ത് പരിശോധനാ പമ്പിങ് നടത്തിയതിനുശേഷം മാത്രമേ വിദഗ്ധര്‍ മടങ്ങുകയുള്ളൂ. കഴിഞ്ഞ രണ്ട് ദിവസമായി കൂളിമാട്ടെ പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിനാല്‍ നഗരത്തില്‍ രണ്ട് ദിവസമായി ജലവിതരണം ഭാഗികമായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ഇത് പൂര്‍വസ്ഥിതിയിലായേക്കും. ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹമീദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുനാസര്‍ പനോളി. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ നാരായണന്‍, ഗിരീഷ് എന്നിവര്‍ തെങ്ങിലക്കടവില്‍ ക്യാമ്പ് ചെയ്താണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തി നടത്തുന്നത്.