Thursday, 29 December 2011

പൈപ്പ് ചോര്‍ച്ച: മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി

തെങ്ങിലക്കടവ്:നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ് ലൈനിന് തെങ്ങിലക്കടവ് ചെറുപുഴ തീരത്തുണ്ടായ ചോര്‍ച്ചയ്ക്ക് പരിഹാരം പുഴയില്‍ മേല്‍പ്പാലം നിര്‍മിക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുഴയ്ക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ ഡെന്‍സിറ്റി പോളി എത്‌ലീന്‍ പൈപ്പില്‍ വിള്ളലും മറ്റും സംഭവിച്ചാല്‍ അത് നന്നാക്കാന്‍ ഈര്‍പ്പരഹിതമായ സാഹചര്യം അത്യാവശ്യമാണ്. പുഴയ്ക്കടിയിലും പുഴതീരത്തും ഇത് അസാധ്യമാണ്. ഒന്നര വര്‍ഷം മുമ്പ് തെങ്ങിലക്കടവ് ഭാഗത്തെ പൈപ്പില്‍ ഉണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. അതോറിറ്റി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് വിദഗ്ധരെയും വരുത്തി. എന്നിട്ടും ചോര്‍ച്ചയടയ്ക്കാന്‍ സാധിച്ചില്ല. പുഴയില്‍ ഒരു മേല്‍പ്പാലം നിര്‍മിച്ച് പൈപ്പ് അതില്‍ സ്ഥാപിച്ചാല്‍ കേടുപാടുകള്‍ താരതമ്യേന കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം അറ്റകുറ്റപ്പണി വേഗത്തില്‍ നടത്താനും സാധിക്കും.
അതേ സമയം, വാട്ടര്‍ അതോറിറ്റി പുതുതായി തയ്യാറാക്കിയ പദ്ധതിയിലും പുഴയ്ക്കടിയിലൂടെ പൈപ്പ് ലൈന്‍ സമാന്തരമായി സ്ഥാപിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിനായി നാല്പതു ലക്ഷം രൂപ വകയിരുത്തിയതായും അറിയുന്നു.
ഈ സാഹചര്യത്തിലാണ് പുതുതായി സ്ഥാപിക്കുന്ന സമാന്തര പൈപ്പ് ലൈന്‍ മേല്‍പ്പാലം നിര്‍മ്മിച്ച് അതില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്. പുഴയില്‍ മേല്പാലം നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) മാവൂര്‍ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.