Tuesday, 3 January 2012

തെങ്ങിലക്കടവിലെ പൈപ്പ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു

ചോര്‍ച്ച അടയ്ക്കുന്നത് ഡ്രം കോളര്‍ ഘടിപ്പിച്ച്

തെങ്ങിലക്കടവ: നഗരത്തിലെ ജലവിതരണം അവതാളത്തിലാക്കിയ തെങ്ങിലക്കടവിലെ പൈപ്പുലൈനിന്റെ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച രാത്രിയില്‍ വീണ്ടും ചോര്‍ച്ച തുടങ്ങിയ എച്ച്.ഡി.പി.ഇ. പൈപ്പിന്റെ അറ്റകുറ്റപ്പണിയാണ് തിങ്കളാഴ്ച രാത്രി വൈകിയും പുരോഗമിക്കുന്നത്.
ബേപ്പൂരിലെ സില്‍ക്കില്‍ നിന്നും പ്രത്യേകമായി നിര്‍മിച്ച ഡ്രം കോളര്‍ കൊണ്ടുവന്ന് ഘടിപ്പിച്ചാണ് ചോര്‍ച്ച അടയ്ക്കുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് വന്ന വിദഗ്ധര്‍ ഇലക്‌ട്രോ ഫ്യൂഷന്‍ ജോയന്റ് വഴി കൂട്ടിയോജിപ്പിച്ച ഭാഗത്താണ് ഞായറാഴ്ച വിള്ളലുണ്ടായത്. ഈ പൈപ്പിന്റെ മറ്റേ അറ്റം കാസ്റ്റ് അയേണ്‍ ജോയന്റുമായി യോജിപ്പിക്കുന്ന സ്ഥലത്തെ ചോര്‍ച്ച അടച്ചത് ഡ്രം കോളര്‍ ഘടിപ്പിച്ചാണ്. ഈ ഒരു പരീക്ഷണമാണ് എച്ച്.ഡി.പി.ഇ പൈപ്പിന്റെ വിള്ളല്‍ തീര്‍ക്കാനും അധികൃതര്‍ നടത്തുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ചോച്ചയടയ്ക്കല്‍ പൂര്‍ത്തീകരിച്ച് പമ്പിങ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ജിനീയര്‍മാര്‍.
അതിനിടെ ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ആര്‍. സുകുമാരന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ റാഫി തുടങ്ങിയവര്‍ തെങ്ങിലക്കടവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഏതാനും ദിവസങ്ങളായി നഗരത്തില്‍ ജലവിതരണം ഭാഗികമായി മാത്രമാണ് നടക്കുന്നത്. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹമീദ്, അസി. എക്‌സി. എന്‍ജിനീയര്‍ അബ്ദുന്നാസര്‍ പനോളി, അസിസ്റ്റന്റ് എന്‍ജിനീയര്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോര്‍ച്ചയടയ്ക്കല്‍ നടക്കുന്നത്.
തെങ്ങിലക്കടവില്‍ പുഴയ്ക്കടിയിലൂടെ സ്ഥാപിച്ചിട്ടുള്ള എച്ച്.ഡി.പി.ഇ. പൈപ്പിന് അറ്റകുറ്റപ്പണി നടത്തുക ഏറെ ക്ലേശകരമാണ്. അതിനാല്‍ ഒരു മേല്‍പ്പാലം തന്നെ സ്ഥാപിച്ച് അതിലൂടെ ഡി.ഐ. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ആലോചന ജലഅതോറിറ്റിയുടെ പരിഗണനയിലുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ സുകുമാരന്‍ പറഞ്ഞു.