Saturday 17 November 2012

പൈപ്പ്‌ലൈന്‍ റോഡില്‍; കലുങ്കുകള്‍ അപകടാവസ്ഥയില്‍

മാവൂര്‍: എഴുപതുകളുടെ തുടക്കത്തില്‍ നിര്‍മിച്ച മാവൂര്‍ പൈപ്പുലൈന്‍ റോഡിന്റെ രണ്ടു കലുങ്കുകള്‍ തകര്‍ച്ചാഭീഷണിയില്‍. പുത്തന്‍കുളംപാടത്തെ കച്ചേരിക്കുന്ന് റോഡിനു സമീപത്തെയും കണ്ണിപറമ്പ് ശിവക്ഷേത്രം റോഡിനടുത്തുുമുള്ള കലുങ്കുകളാണ് ഏത് നിമിഷവും പൊട്ടിവിഴുമെന്ന അവസ്ഥയിലായത്.
പുത്തന്‍കുളം വയലിനു കുറുകെ കടന്നുപോകുന്ന റോഡിന്റെ കലുങ്കിന്റെ നാല് തൂണുകളും ബോളറുകള്‍കൊണ്ട് നിര്‍മിച്ചതാണ്. ഇവ നാലും പകുതിയിലേറെ ഭാഗം തകര്‍ന്നു വീണുകഴിഞ്ഞു.
പന്ത്രണ്ടടി നീളത്തിലും അഞ്ചടി വീതിയിലുമുള്ള കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് കരിങ്കല്‍ക്കെട്ടിനുമുകളില്‍ പേരിനു മാത്രം തങ്ങിനില്‍ക്കുന്ന അവസ്ഥയിലാണ്.
കൂളിമാട് പി.എച്ച്.ഇ.ഡി. മുതല്‍ തെങ്ങിലക്കടവ് വരെയുള്ള നാല് കി.മീറ്റര്‍ റോഡ് നിര്‍മിച്ചത് ജല അതോറിറ്റിയുടെ പൈപ്പുലൈന്‍ നിരീക്ഷണത്തിനു വേണ്ടിയാണ്. റോഡിന്റെ പാര്‍ശ്വഭാഗത്തിലൂടെ കടന്നുപോകുന്ന രണ്ടുവരി പൈപ്പുലൈനിന്റെ കേടുകള്‍ യഥാസമയം പരിശോധിക്കുന്നതിനു വേണ്ടിയാണ് ഈ റോഡ് ഏതാനും വര്‍ഷങ്ങള്‍ വരെ ഉപയോഗിച്ചിരുന്നത്.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വാഹനങ്ങള്‍ പെരുകുകയും യാത്രക്കാര്‍ വര്‍ധിക്കുകയും ചെയ്തതോടെ റോഡ് ഒരു ബൈപ്പാസ്​പാതയായി മാറുകയായിരുന്നു. ജല അതോറിറ്റിയുടെ സ്വകാര്യ റോഡെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഈ റോഡ് മാവൂര്‍ മേച്ചേരിക്കുന്ന്, തീര്‍ഥക്കുന്ന്, കച്ചേരിക്കുന്ന്, കല്‍ച്ചിറ, മൂത്തേടത്ത്താഴം, ആംബിലേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക വാഹനയാത്രാ സൗകര്യമായി മാറി.
2004 വരെ ഈ റോഡിന്റെയോ കലുങ്കുകളുടെയോ അറ്റകുറ്റപ്പണിക്ക് ഒരുപൈസപോലും ആരും ചെലവാക്കിയില്ല. ഗ്രാസിം പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നൂറുകണക്കിന് ഭാരവണ്ടികളും ചെറിയ വാഹനങ്ങളും മാവൂരിലെത്തുമായിരുന്നു. ഏതെങ്കിലും കാരണംകൊണ്ട് മാവൂര്‍-കോഴിക്കോട് റോഡില്‍ തെങ്ങിലക്കടവിനിടയിലായി ഗതാഗത്തടസ്സമുണ്ടായാല്‍ വാഹനങ്ങള്‍ വഴിമാറിപ്പോകുന്നത് ഈ റോഡിലൂടെയായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയും വാഹനയാത്രയുമെല്ലാം ദുര്‍ഘടമായപ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ജല അതോറിറ്റിക്ക് റോഡ് അറ്റകുറ്റപ്പണിക്ക് പണം വകയിരുത്താന്‍ വകുപ്പില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
തുടര്‍ന്ന് സര്‍ക്കാറിന്റെ പ്രത്യേകാനുമതിയോടെ എം.എല്‍.എ. ആയിരുന്ന യു.സി.രാമന്‍ തന്റെ പ്രാദേശിക ഫണ്ടില്‍നിന്ന് റോഡിന്റെ അറ്റകുറ്റപ്പണിക്കായി പണം അനുവദിച്ചു. പി.എച്ച്.ഇ.ഡി. മുതല്‍ പനങ്ങോട് വരെ റീ ടാറിങ് നടത്തി. പൈപ്പുലൈന്‍ കവല മുതല്‍ പുത്തന്‍കുളം വരെയുള്ള അറ്റകുറ്റപ്പണിക്ക് അന്നത്തെ എം.പി. ടി.കെ.ഹംസയും ഫണ്ടനുവദിച്ചു.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം പതിന്മടങ്ങ് വര്‍ധിച്ചു.
പി.എച്ച്.ഇ.ഡിയില്‍ നിന്ന് മൂന്നര കി.മീറ്റര്‍ ഈ റോഡ് വഴി യാത്രചെയ്താല്‍ തെങ്ങിലക്കടവിലെത്താം. യാത്രയില്‍ രണ്ടര കി.മീറ്റര്‍ ലാഭിക്കാവുന്ന അവസ്ഥയും യാത്രക്കാരും വാഹനങ്ങളും പെരുകാനിടയായി.
എന്നാല്‍ കലുങ്കുകളാവട്ടെ നിര്‍മിച്ച അന്നത്തെ അവസ്ഥയില്‍ അറ്റകുറ്റപ്പണിയില്ലാതെ കിടക്കുകയാണ്. ഇതുതന്നെ തൂണുകള്‍ തകര്‍ന്നടിഞ്ഞ് സ്ലാബുകള്‍ വീഴുന്ന അവസ്ഥയിലാണ്.
തകര്‍ന്നടിയാറായ പൈപ്പുലൈന്‍ റോഡിലെ കലുങ്കുകള്‍ പുതുക്കി നിര്‍മിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് പൈപ്പുലൈന്‍ പ്രഭാത- സായാഹ്ന നടത്തക്കാരുടെ സംഘടനയായ മേവ-മാവൂര്‍ ആവശ്യപ്പെട്ടു.