Friday 1 March 2013

ഡി.വൈ.എഫ്.ഐ. സമ്മേളനം ഇന്ന് തുടങ്ങും; പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ മാവൂരിലെത്തി

മാവൂര്‍: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച മാവൂരില്‍ തുടങ്ങും. മൂന്നുദിവസം നീണ്ടുനില്ക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ വ്യാഴാഴ്ച സന്ധ്യയോടെ മാവൂരിലെത്തി.
സമ്മേളന നഗരിയായ മാവൂര്‍ സിനിമാ ഹാളിന് പിന്‍വശത്തെ നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും കൊടിമരം, കല്ലാച്ചി ഈന്തുള്ളതില്‍ ബിനു രക്തസാക്ഷിമണ്ഡപത്തില്‍ നിന്നുമാണ് കൊണ്ടുവന്നത്.
പ്രതിനിധിസമ്മേളന നഗരിയായ മത്തായി ചാക്കോ നഗരിയില്‍ തെളിയിക്കാനുള്ള ദീപശിഖ പേരോത്ത് രാജീവന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നാണ് കൊണ്ടുവന്നത്. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി ഭാരവാഹികളായ ജില്ലാ ജോ. സെക്രട്ടറി കെ. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ. ബൈജു, ജില്ലാ ഖജാന്‍ജി പി. നിഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥകളെത്തിയത്. ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് റിയാസ് പ്രതിനിധി സമ്മേളന നഗരിയില്‍ ദീപശിഖ തെളിയിച്ചു. പൊതുസമ്മേള നഗരിയില്‍ സംഘാടക സമിതി ചെയര്‍മാനും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി.
കൊടിമരം, പതാക, ദീപശിഖാ ജാഥകള്‍ തെങ്ങിലക്കടവില്‍ ആറുമണിയോടെ സംഗമിച്ചു. അവിടെനിന്ന് സംഘാടക സമിതി ഭാരവാഹികളും മാവൂര്‍, ചെറൂപ്പ സി.പി.എം ലോക്കല്‍ കമ്മറ്റി നേതാക്കളുടെയും ഡി.വൈ.എഫ്.ഐ ജില്ലാ, ബ്ലോക്ക് നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു മാവൂരിലേക്കുള്ള ജാഥാ പ്രയാണം. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ അകമ്പടിയേകി.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മാവൂര്‍, മത്തായി ചാക്കോ നഗറില്‍(പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍)പ്രതിനിധിസമ്മേളനം സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പൊതുസമ്മേളനം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയര്‍മാന്‍ ടി.പി. ബാലകൃഷ്ണന്‍ നായര്‍, ഖജാന്‍ജി ടി.കെ. മുരളീധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.