Monday 4 March 2013

മന്‍മോഹന്‍സിങ് നടത്തുന്നത് മാസ്മരികപ്രകടനം -ടി. സിദ്ദിഖ്

മാവൂര്‍: കഴിഞ്ഞ ഒമ്പതുവര്‍ഷത്തോളമായി യു.പി.എ. സര്‍ക്കാറിനെ നയിക്കുന്ന മന്‍മോഹന്‍ സിങ് കാഴ്ചവെക്കുന്നത് വികസനപരമായ മാസ്മരികപ്രകടനംതന്നെയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു.
മാവൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നിശാക്യാമ്പ് മാവൂര്‍ ഐ.എന്‍.ടി.യു.സി. ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് വളര്‍ച്ച നിരക്കില്‍ മുന്നില്‍നില്‍ക്കുന്ന അഞ്ചുരാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ബഹുമുഖ വികസനം ലക്ഷ്യംവെച്ചാണ് ആയിരംകോടിരൂപ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയത്. കര്‍ഷകരക്ഷയ്ക്കായി 7200 കോടിയുടെ കാര്‍ഷികകടമാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നത് യാഥാര്‍ഥ്യമാണ്. യു.ഡി.എഫ്. കോണ്‍ഗ്രസ് സമ്മര്‍ദംവഴി ഈ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിധീഷ് നങ്ങാലത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന യൂത്ത് കോ-ഓര്‍ഡിനറ്റേര്‍ ഇ.എം. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍കരീം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷ്യാംജിത്ത് സി.വി., എം.ഗോപാലകൃഷ്ണന്‍, കെ.സി. രവി, കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുനില്‍ കണ്ണിപറമ്പ് സ്വാഗതവും സജി മാവൂര്‍ നന്ദിയുംപറഞ്ഞു.