Monday 4 March 2013

കരുത്തുതെളിയിച്ച് ഡി.വൈ.എഫ്.ഐ. ശക്തിപ്രകടനം

മാവൂര്‍: മാവൂരില്‍ നടന്ന ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനം ആയിരങ്ങള്‍ അണിനിരന്ന യുവജനപ്രകടനത്തോടെ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ സമ്മേളനനഗരിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കല്പള്ളി സ്റ്റേഡിയത്തില്‍നിന്ന് പുറപ്പെട്ട് മാവൂര്‍ അങ്ങാടി പ്രദക്ഷിണംവെച്ച് എം. ദാസന്‍ നഗരിയിലെത്തി. ചെണ്ടമേളവും ബാന്റുവാദ്യങ്ങളും മുത്തുക്കുട ചൂടിയ വളണ്ടിയര്‍മാരും പ്രകടനത്തിന് അകമ്പടിസേവിച്ചു.
പ്രകടനത്തിന്റെ മുന്‍നിരയില്‍ ഡി.വൈ.എഫ്.ഐ. നേതാക്കളായ ടി.വി. രാജേഷ് എം.എല്‍.എ., പി.എ. മുഹമ്മദ് റിയാസ്, എം. ഗിരീഷ്, കെ.കെ. ഹനീഫ, ജില്ലാപ്രസിഡന്റ് അശ്വനിദേവ്, സെക്രട്ടറി എന്‍. രാജേഷ്, കെ. ബൈജു, ടി.കെ. മുരളീധരന്‍, പി.എം. ആതിര തുടങ്ങിയവര്‍ അണിനിരന്നു. അഞ്ചുമണിക്ക് ആരംഭിച്ച പ്രകടനം സമ്മേളനനഗരിയിലെത്തുമ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു.