Thursday, 1 December 2011

അമ്പലപ്പറമ്പ് സബ് സ്റ്റേഷനില്‍ 'എ.ബി.സ്വിച്ച്' ഘടിപ്പിക്കാന്‍ നടപടിയായി

മാവൂര്‍: ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിലേക്ക് വൈദ്യുതി നല്‍കുന്ന മാവൂര്‍ അമ്പലപ്പറമ്പ് സബ് സ്റ്റേഷനില്‍ എ.ബി.സ്വിച്ച് (എയര്‍ ബ്ലാസ്റ്റ് സര്‍ക്യൂട്ട് ബ്രെയ്ക്കര്‍) സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഒരാഴ്ചയ്ക്കകം സ്വിച്ച് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുമെന്ന് കേഴിക്കോട് വൈദ്യുതി ഭവന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.

ഏറെക്കാലമായി ജല അതോറിറ്റി അധികൃതര്‍ ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. അമ്പലപ്പറമ്പ് സബ് സ്റ്റേഷനില്‍ നിന്ന് ചേന്നമംഗലൂര്‍, മാവൂര്‍, എടവണ്ണപ്പാറ ഭാഗങ്ങളിലേക്ക് വൈദ്യുതി നല്‍കാനാണ് ഈ സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്. 

രണ്ടാഴ്ച മുമ്പ് എം.കെ. രാഘവന്‍ എം.പി., കൂളിമാട് പമ്പിങ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ എം.ബി.സ്വിച്ചിന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായി എം.പി. സംസാരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ എ.ബി. സ്വിച്ച് സ്ഥാപിക്കുമെന്ന് എം.പി.ക്ക് ചീഫ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയിരുന്നു.

എ.ബി.സ്വിച്ച് ഉടന്‍ സ്ഥാപിക്കണം -ഐ.എന്‍.ടി.യു.സി.

മാവൂര്‍: ഏറെക്കാലമായി ജലഅതോറിറ്റി അധികൃതര്‍ ആവശ്യപ്പെട്ടുവരുന്ന അമ്പലപ്പറമ്പില്‍ എ.ബി. സ്വിച്ച് ഉടന്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്ന് വാട്ടര്‍അതോറിറ്റി സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) മാവൂര്‍ ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് എ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.മരക്കാര്‍, എം.പി. സുരേന്ദ്രന്‍, ടി. ആലിക്കോയ, എന്‍. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.