Sunday, 4 December 2011

ചോര്‍ച്ച അടച്ചു; ജലവിതരണം ഇന്നു മുതല്‍ ആരംഭിച്ചേക്കും

മാവൂര്‍: നഗരത്തിലേക്ക് കൂളിമാടില്‍നിന്ന് ശുദ്ധജലമെത്തിക്കുന്ന പൈപ്പിന് തെങ്ങിലക്കടവിലുണ്ടായ ചോര്‍ച്ച കൊച്ചിയില്‍നിന്നെത്തിയ വിദഗ്ധസംഘം അടച്ചു. ഞായറാഴ്ച വൈകിട്ട് മുതല്‍ ജലവിതരണം പൂര്‍വസ്ഥിതിയിലായേക്കും.
കൊച്ചിയിലെ കൊല്‍ക്കത്ത ബെയ്‌സ്ഡ് സ്ഥാപനമായ കെ.ടി.പി. ആന്‍ഡ് സണ്‍സ് ട്രേഡേഴ്‌സില്‍നിന്നുള്ള വിദഗ്ധരാണ് തെങ്ങിലക്കടവിലെത്തിയത്. തെങ്ങിലക്കടവ് പാലത്തോട് ചേര്‍ന്ന് കൊക്കഞ്ചേരിക്കുന്ന്-തെങ്ങിലക്കടവ് റോഡില്‍ ചെറുപുഴയ്ക്കു ചേര്‍ന്നാണ് ചോര്‍ച്ചയുള്ള ഒരു സ്ഥലം. പുഴയ്ക്കു കുറുകെ കടന്നുപോകുന്നതിനാല്‍ ഇവിടെ കാസ്റ്റ് അയേണ്‍ പൈപ്പിന് പകരം ഹൈഡെന്‍സിറ്റി പോളി എത്‌ലീന്‍ പൈപ്പാണ് സ്ഥാപിച്ചിരുന്നത്. ഈ പൈപ്പിന് വിള്ളലുണ്ടായാല്‍ അത് നന്നാക്കുക എന്നത് ഏറെ ദുഷ്‌കരമാണ്. മറ്റു പൈപ്പുകള്‍ അടയ്ക്കുന്നതുപോലെ ക്ലാംപ് ഘടിപ്പിച്ചോ പാക്കിങ് സമ്പ്രദായത്തിലൂടെയോ നന്നാക്കാന്‍ സാധ്യമല്ല.
അതിനാല്‍ ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് ചെയ്ത് മാത്രമേ ചോര്‍ച്ച തടയാനാകൂ. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പൈപ്പിന്റെ വിള്ളല്‍ അടയ്ക്കാന്‍ ജലഅതോറിറ്റി എന്‍ജിനീയര്‍മാര്‍ കൊച്ചിയിലെ വിദഗ്ധരെ വിളിച്ചുവരുത്തുകയാണ് ചെയ്തത്.
ജലഅതോറിറ്റി ചീഫ് എന്‍ജിനീയര്‍ സുകുമാരന്‍നായര്‍, സൂപ്രണ്ടിങ് എന്‍ജിനീയറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കെ.ജി.ഹര്‍ഷന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാഫി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുന്നാസര്‍ പനോളി, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ കെ.നാരായണന്‍, കെ.ഗിരീഷ് എന്നിവര്‍ തെങ്ങിലക്കടവില്‍ ക്യാമ്പ് ചെയ്താണ് ചോര്‍ച്ചയടയ്ക്കല്‍ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ചത്.
ജലഅതോറിറ്റിയുടെ കൂളിമാട് പമ്പിങ്‌സ്റ്റേഷനും ജലവിതരണ സംവിധാനവും ജപ്പാന്‍ കുടിവെള്ള പദ്ധതി അനുസരിച്ച് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങളും തുടങ്ങിക്കഴിഞ്ഞു