മാവൂര്‍: ഡിസംബര്‍ അഞ്ചുമുതല്‍ 15-വരെ പെരുവയലില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. കഴിഞ്ഞദിവസം ചേര്‍ന്ന സംഘാടക സമിതി വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഒമ്പതിന് മൂന്നുമണിക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. 'ഭാരതീയം' എന്ന പരിപാടിയും അനുബന്ധമായി നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ ദിനേശ് പെരുമണ്ണ അറിയിച്ചു. ഏഴുദിവസങ്ങളിലായി നടക്കുന്ന കലാകായിക മത്സരങ്ങള്‍ ആറുവേദികളിലും അഞ്ചു സ്റ്റേഡിയങ്ങളിലുമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. കായികവിഭാഗത്തിലുള്ളവര്‍ ഡിസംബര്‍ ഒന്നിനും കലാവിഭാഗത്തിലുള്ളവര്‍ ഡിസംബര്‍ നാലിനും മുമ്പേ എന്‍ട്രികള്‍ സമര്‍പ്പിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.