Wednesday, 30 November 2011

വൈദ്യുതി വിതരണം നിര്‍ത്തി; ജലവിതരണം വീണ്ടും നിലച്ചു

മാവൂര്‍: മണിക്കൂറുകളോളം വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതു മൂലം കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്കുള്ള ശുദ്ധജല വിതരണം നിലച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഞായറാഴ്ചവരെ പൈപ്പ് ലൈനിന്റെ ചോര്‍ച്ച അടയ്ക്കാനായി കൂളിമാടിലെ എം.എല്‍.ഡി. പമ്പിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് പമ്പിങ് പുനഃസ്ഥാപിച്ചത്. എന്നാല്‍, ചോര്‍ച്ച നന്നായി അടയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ നഗരത്തില്‍ ജലവിതരണം കാര്യക്ഷമമായിരുന്നില്ല. അതിനിടെയാണ് വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ വളര്‍ന്നത് വെട്ടിമാറ്റാനായി സപ്ലൈ നിര്‍ത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. അതേസമയം ജല അതോറിറ്റി അധികൃതര്‍ പമ്പിങ് നിര്‍ത്തിയ സമയം മുതലാക്കി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ നേരത്തേ പരിഗണനയിലുണ്ടായിരുന്ന അറ്റകുറ്റപ്പണികള്‍ നടത്താന്‍ തുടങ്ങി. രാത്രി ഒമ്പതുവരെ ഇതു നീണ്ടുനിന്നു. ഫലത്തില്‍ കൂളിമാട് നിന്നുള്ള പമ്പിങ് മണിക്കൂറുകളോളം നിലച്ചു. ഇതാകട്ടെ നഗരത്തിലെ ജലവിതരണം താളം തെറ്റാനും കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി വേണ്ടത്ര വെള്ളം ലഭിക്കാത്ത നഗരവാസികളെ മറന്ന് വൈദ്യുതി വകുപ്പും ജല അതോറിറ്റി അധികൃതരും അറ്റകുറ്റപ്പണിക്ക് അടുത്ത ദിവസം തന്നെ തിരഞ്ഞെടുത്തതാണ് നഗരവാസികള്‍ക്ക് ഇരുട്ടടിയായത്. രാത്രി ഒമ്പതുമണിയോടെ പമ്പിങ് പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്റ്റേഷന്‍ പ്രവര്‍ത്തനം ഇനിയും പൂര്‍വസ്ഥിതിയിലായിട്ടില്ല. ചോര്‍ച്ച അടയ്ക്കാന്‍ വിദഗ്ധര്‍ എത്തിയാല്‍ മാത്രമേ ജലവിതരണം കാര്യക്ഷമമാകൂ.