Sunday, 18 December 2011

കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാടുകയറി നശിക്കുന്നു

തെങ്ങിലകടവ: തെങ്ങിലകടവിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും  കാടുകയറി നശിക്കുന്നു.
 2010 ഡിസംബര്‍ 18നാണ് തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍  ഏറ്റെടുത്തത്.  ആശുപത്രിയുടെ ആറര ഏക്കറോളം വരുന്ന സ്ഥലവും ആധുനിക രീതിയില്‍ പണിത കെട്ടിടങ്ങളും വിലപിടിപ്പുള്ള ഉപകരണങ്ങളും സൗജന്യമായാണ് മാനേജിങ് ട്രസ്റ്റിയും ഇംഗ്ളണ്ടിലെ ഡോക്ടറുമായ ഹഫ്സത്ത് ഖാദര്‍കുട്ടി സര്‍ക്കാറിന് കൈമാറിയത്.
എന്നാല്‍, നാളിതുവരെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗികള്‍ക്ക് ചികിത്സക്കാവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
2001ല്‍ 12 കിടക്കകളോടെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായികൊണ്ട് മെഡിക്കല്‍ കോളജിനു കീഴിലെ പാലിയേറ്റിവ്കെയറാണ് പ്രവര്‍ത്തനം തുടങ്ങിയത്.
തുടര്‍ന്ന് രോഗികള്‍ക്ക് ചികിത്സയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന ക്ളിനിക്കും തുടങ്ങി. ട്രസ്റ്റിന് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതായതോടെയാണ്  സര്‍ക്കാറിന് കൈമാറിയത്. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഏറെ പ്രതീക്ഷയോടെയാണ് മലബാറിലെ ജനങ്ങള്‍  നോക്കി കണ്ടത്.
ചെലവേറിയ റേഡിയേഷനടക്കമുള്ള ചികിത്സകള്‍ക്ക് തിരുവനന്തപുരമടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാതെ ഇവിടെ തന്നെ ഒരുക്കുമെന്നായിരുന്നു  സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
ആശുപത്രി കൈമാറിയതോടെ രോഗികള്‍ക്ക് നല്‍കി വന്ന എല്ലാവിധ സേവനങ്ങളും നിലച്ചു. നാശത്തിന്‍െറ വക്കിലുള്ള ഈ ചികിത്സാ കേന്ദ്രത്തില്‍ തുടക്കം മുതലുള്ള നഴ്സും രണ്ട് അനുബന്ധ ജോലിക്കാരുമുണ്ട്.സര്‍ക്കാറിന് കൈമാറിയശേഷം ശമ്പളമോ മറ്റാനുകൂല്യമോ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. കെട്ടിടങ്ങള്‍ക്കകത്തെ ഉപകരണങ്ങള്‍ ഇതുവരെ തിട്ടപ്പെടുത്തി പ്രമാണങ്ങള്‍ ഏറ്റുവാങ്ങാത്തതുകൊണ്ട് എന്നും ആശുപത്രിയിലെത്തേണ്ടതുണ്ട്.