Friday, 21 September 2012

മാവൂരില്‍ ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു

മാവൂര്‍: മാവൂര്‍ അങ്ങാടിയിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് സംഘം ഇന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി നശിപ്പിച്ചു.
പരിസര മലിനീകരണം സൃഷ്ടിച്ചുകൊണ്ടും പഴകിയ ആഹാരം വിറ്റതിനും ഒരുമാസം മുമ്പ് നടന്ന പരിശോധനയില്‍ നിര്‍ത്തിവെപ്പിച്ച അങ്ങാടിയിലെ ഒരു ഹോട്ടലാണ് നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ വീണ്ടും പരിശോധന നടത്തേണ്ടിവന്നത്. ഇവിടെ പരിശോധനയ്ക്കിടെ സ്‌ക്വാഡിനെ തടയാന്‍ ശ്രമമുണ്ടായെങ്കിലും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല.
ടാക്‌സിസ്റ്റാന്‍ഡിനു സമീപത്തെ ഒരു ഹോട്ടലിലും പഴകിയ ആഹാരം കണ്ടെത്തിയിരുന്നു. കൂള്‍ബാറുകള്‍, ബേക്കറികള്‍, കള്ളുഷാപ്പ് എന്നിവയിലും പരിശോധനയുണ്ടായി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജോസ് ജോണ്‍, ജെ.എച്ച്.ഐ. മാരായ എം. രഞ്ജിത്, ജയശ്രീ. എ.എം., ആലി. ടി. എന്നിവരാണ് സംഘാംഗങ്ങള്‍.
മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി തുടങ്ങി.