Wednesday, 17 October 2012

കൂളിമാട് പമ്പ്ഹൗസ് നവീകരണം തുടങ്ങുന്നു

കൂളിമാട്: യന്ത്രസാമഗ്രികളുടെയും പ്ലാന്റുകളുടെയും കാലപ്പഴക്കംമൂലമുള്ള പ്രവര്‍ത്തനക്ഷമതക്കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കൂളിമാട് പമ്പ്ഹൗസിന്റെ പുനരുദ്ധാരണപ്രവൃത്തികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കിയര്‍ പമ്പ് ഹൗസ് കം സമ്പിന്റെ നിര്‍മാണമാണ് ആദ്യം തുടങ്ങുന്നത്. അതിനുവേണ്ടിയുള്ള സ്ഥലം ഒുക്കുന്നതിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലിയാണ് ചൊവ്വാഴ്ച തുടങ്ങിയത്. ജെ.ബി.ഐ.സി. പദ്ധതിയനുസരിച്ച് 42.32 കോടി രൂപ അനുവദിച്ചതനുസരിച്ചാണ് പ്രവൃത്തികള്‍. ഹൈദരാബാദിലെ കോയാസ് ആന്‍ഡ് കമ്പനിയാണ് പ്രവൃത്തികളുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.

ഒന്നരക്കൊല്ലംകൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍ വ്യവസ്ഥ.

നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന മുഖ്യ ജലവിതരണകേന്ദ്രമാണ് കൂളിമാട്. ഇവിടത്തെ മോട്ടോറുകളും പമ്പ്ഹൗസുകളും മറ്റ് അനുബന്ധ പ്ലാന്റുകളുമെല്ലാം നാല് പതിറ്റാണ്ടുകള്‍ക്കുമുമ്പ് സ്ഥാപിച്ചതാണ്. യന്ത്രങ്ങളുടെ കാലപ്പഴക്കവും പഴയ രീതിയിലുള്ള പ്ലാന്റുകളുമായതിനാല്‍ പ്രവര്‍ത്തനക്ഷമത തീരെ കുറവായിരുന്നു. മോട്ടോറുകള്‍ ഇടക്കിടെ കേടാവുന്നതും വൈദ്യുതി ലഭ്യമാകുന്നതിലെ തകരാറുകളും മൂലം കൂളിമാട് പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി താളംതെറ്റിയ നിലയിലായിരുന്നു. ജല അതോറിറ്റിയിലെ ജീവനക്കാരും നഗരസഭാ അധികൃതരും ഈ ദുസ്ഥിതി പരിഹരിക്കുന്നതിനായി ഏറെ നാളുകളായി മുറവിളിയിലുമായിരുന്നു.

വിവിധ കാരണങ്ങളാല്‍ കോടികള്‍ നഷ്ടം സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് ജല അതോറിറ്റി. അതുകൊണ്ടുതന്നെ കാലപ്പഴക്കംച്ചെന്ന മോട്ടോറുകള്‍ മാറ്റി സ്ഥാപിക്കാനോ പ്ലാന്റുകള്‍ പുനര്‍നിര്‍മിക്കാനോ ഉള്ള ശേഷി ജല അതോറിറ്റിക്കുണ്ടായിരുന്നില്ല. ഇതുകാരണം പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം ഇടക്കിടെ നിര്‍ത്തിവെക്കേണ്ടതായോ, ശേഷികുറച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതായോ വന്നിരുന്നു.

ലക്ഷങ്ങള്‍ മുടക്കി താല്ക്കാലിക അറ്റകുറ്റപ്പണി നടത്തുക എന്ന ഒരൊറ്റ പോംവഴി ഉപയോഗിച്ചാണ് ഇത്രയുംകാലം പ്രവര്‍ത്തിച്ചുവരുന്നത്.
അടിക്കടിയുണ്ടാകുന്ന പൈപ്പ്‌ലൈന്‍ ചോര്‍ച്ചയും ജല അതോറിറ്റി അധികൃതരെ വിഷമിപ്പിച്ചിരുന്നു. വര്‍ഷം മുമ്പ് സ്ഥാപിച്ച പ്രിമോ പൈപ്പുകള്‍ മാറ്റി പകരം കാസ്റ്റ് അയേണ്‍ പൈപ്പ് സ്ഥാപിക്കുന്ന ജോലിയും ജെ.ബി.ഐ.സി. പദ്ധതിയിലുണ്ട്. മെഡിക്കല്‍ കോളേജ്, പൊറ്റമ്മല്‍ ഭാഗങ്ങളിലാണ് പ്രവൃത്തികള്‍ നടത്തേണ്ടത്.

കൂളിമാട് പമ്പ്ഹൗസിലെ റോവാട്ടര്‍ മോട്ടോറുകളും ക്ലിയര്‍ പമ്പ്ഹൗസിലെ വാട്ടര്‍ മോട്ടോറുകളും മാറ്റി സ്ഥാപിക്കുക. വൈദ്യുതി വിതരണത്തില്‍ അപാകം നേരിട്ടിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റുക, പഴയ രീതിയിലെ സ്വിച്ചുകള്‍ മാറ്റി ആധുനികരീതിയിലുള്ളവയാക്കി മാറ്റുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട പുനരുദ്ധാരണപ്രവൃത്തിയുടെ ഭാഗമായി നടക്കുക.