Wednesday 19 November 2014

മാവൂര്‍ നീര്‍ത്തട വികസനം : പ്രാഥമിക പ്രവര്‍ത്തനത്തിന് ഒരു കോടി; ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു

മാവൂര്‍: കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അറിയപ്പെടുന്ന പക്ഷിസങ്കേതമായി മാറിയ മാവൂരിലെ നീര്‍ത്തട വികസനത്തിനും വെള്ളം നിറഞ്ഞ് കൃഷിക്ക് പറ്റാതായ വയലുകള്‍ കൃഷിയോഗ്യമാക്കാനും പദ്ധതിയൊരുക്കാനായി ഒരു കോടി രൂപ അനുവദിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്.
ചാലിയാറില്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ വന്നതോടെയാണ് മാവൂരിലെ തെങ്ങിലക്കടവ്, പുത്തന്‍കുളം, കല്‍പ്പള്ളി ഭാഗങ്ങളില്‍ വെള്ളം കയറി നീര്‍ത്തടം രൂപപ്പെട്ടത്. ഈ വെള്ളക്കെട്ടില്‍ എല്ലാ സീസണുകളിലും ധാരാളം ദേശാടനപ്പക്ഷികള്‍ വിരുന്നത്തെിയിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നീര്‍ത്തടങ്ങളാകെ പുല്ലും പായലും നിറഞ്ഞ് നശിക്കുകയാണ്. ഇതിന്‍െറ ഫലമായി പക്ഷികളുടെ വരവു കുറഞ്ഞു. അതോടെ, നിരീക്ഷകരും ടൂറിസ്റ്റുകളുമടക്കമുള്ളവര്‍ ഇവിടേക്ക് വരാതായി.
കൂടാതെ ഇതിനോടു ചേര്‍ന്നുകിടക്കുന്ന പള്ളിയോള്‍ പാടശേഖര സമിതിക്കു കീഴിലെ വയലുകളില്‍ വെള്ളം നിറഞ്ഞ് കൃഷി ചെയ്യാന്‍ പറ്റാതായിരുന്നു. ഇതേക്കുറിച്ച് പഠനം നടത്തി മാവൂര്‍ ഗവ. മാപ്പിള യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ നീര്‍ത്തട-കാര്‍ഷിക പ്രദേശ വികസനത്തിനുള്ള പദ്ധതി മാര്‍ഗരേഖ തയാറാക്കിയിരുന്നു. നീര്‍ത്തടത്തിന്‍െറ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ദേശാടനപ്പക്ഷികളുടെ ചിറകടിക്ക് കാതോര്‍ത്തുകിടന്ന മാവൂരില്‍ പുനരുജ്ജീവനത്തിനായി വിദ്യാര്‍ഥികളുടെ മാതൃക എന്ന പേരില്‍ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് എം.എല്‍.എ ബൃഹദ്പദ്ധതി തയാറാക്കാന്‍ ഫണ്ടനുവദിച്ചത്. രണ്ടു തലത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. കൃഷിയോഗ്യമാക്കാന്‍ കഴിയുന്ന പാടശേഖരങ്ങളെ വെള്ളത്തിന്‍െറ തോത് ക്രമീകരിച്ച് കൃഷിക്ക് പര്യാപ്തമാക്കുക, മറുഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ജലാശയവും പക്ഷിസങ്കേതവും ടൂറിസ്റ്റ് കേന്ദ്രവുമൊരുക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്‍െറ മുന്നോടിയായി നടത്തേണ്ട ആസൂത്രണങ്ങളുടെ ഏകോപനത്തിന് ജലസേചന വകുപ്പ് അസി. എന്‍ജിനീയര്‍ ഫൈസലിന് കോഓഡിനേറ്ററുടെ ചുമതല നല്‍കിയിട്ടുണ്ട്.
കുന്ദമംഗലം സി.ഡബ്ള്യു.ആര്‍.ഡി.എമ്മിന്‍െറ സഹകരണത്തോടെയാണ് പദ്ധതിയൊരുക്കുക. മാവൂര്‍ ഗ്രാമ പഞ്ചായത്ത്, കുന്ദമംഗലം ബ്ളോക് പഞ്ചായത്ത്, പ്രദേശത്തെ കര്‍ഷകര്‍, പഴമക്കാര്‍, ജനപ്രതിനിധികള്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. സി.ഡബ്ള്യു.ആര്‍.ഡി.എം ഒരു വര്‍ഷം മുമ്പ് തുടങ്ങിയ പഠനത്തിലൂടെ തയാറാക്കിയ റിപ്പോര്‍ട്ട് ശേഖരിച്ച ശേഷം വീണ്ടും സംഘം സ്ഥലത്തത്തെും.