Wednesday, 7 December 2011

വിദഗ്ധരുടെ ചോര്‍ച്ചയടയ്ക്കല്‍ ഫലം കണ്ടില്ല: ജലവിതരണം അവതാളത്തില്‍

മാവൂര്‍: രണ്ടാഴ്ച മുമ്പ് നഗരത്തിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പിന് തെങ്ങിലക്കടവിലുണ്ടായ ചോര്‍ച്ച അടയ്ക്കാനുള്ള വിദഗ്ധരുടെ ശ്രമം ഫലംകണ്ടില്ല. കഴിഞ്ഞ അഞ്ചുദിവസമായി ഭാഗിക നിലയില്‍ തുടരുന്ന ജലവിതരണം പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും.
ഒന്നരവര്‍ഷത്തോളമായി തെങ്ങിലക്കടവില്‍ രണ്ടിടത്തായി പൈപ്പിനു വിള്ളലുണ്ടായി ചോര്‍ച്ച തുടങ്ങിയിട്ട്. ഇതില്‍ പുഴയ്ക്ക് അക്കരെ പാലത്തിന് സമീപത്തായുള്ള വിള്ളല്‍ നാലുമാസം മുമ്പ് ജല അതോറിറ്റി അധികൃതര്‍ ക്ലാമ്പുകള്‍ ഘടിപ്പിച്ച് അടച്ചിരുന്നു. പുഴയ്ക്കടിയിലൂടെ സ്ഥാപിച്ചിട്ടുള്ള ഹൈഡെന്‍സിറ്റി പോളിയെത്‌ലീന്‍ പൈപ്പിന് കാസ്റ്റ് അയേണ്‍ പൈപ്പിനോട് ചേരുന്ന ഭാഗത്തിടുത്തായാണ് വിള്ളലുണ്ടായിരുന്നത്. കൂളിമാടിലെ 18 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണശേഷിയുള്ള പമ്പിങ് സ്റ്റേഷനിലെ ശുദ്ധജലമാണിതുവഴി നഗരത്തിലെത്തിയിരുന്നത്.
ഏതാനും ദിവസം പമ്പിങ് തുടര്‍ന്നപ്പോഴേക്കും വിള്ളല്‍ കൂടി. തുടര്‍ന്ന് കാസ്റ്റ് അയേണ്‍ കോളര്‍ ഉണ്ടാക്കി ഘടിപ്പിച്ചു. ക്ലാമ്പുകള്‍ വെച്ചുറപ്പിച്ചും ജല അതോറിറ്റി എന്‍ജിനീയര്‍മാര്‍ തന്നെ ചോര്‍ച്ച അടച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും ചോര്‍ച്ച വര്‍ധിച്ചു.
എച്ച്.ഡി.പി.ഇ. പൈപ്പായതിനാല്‍ വിള്ളല്‍ അടയ്ക്കുക ഏറെ സങ്കീര്‍ണമാണെന്ന് ജല അതോറിറ്റി അധികൃതര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് മുഖേന വിള്ളല്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍നിന്ന് അഞ്ചുദിവസം മുമ്പ് വിദഗ്ധര്‍ വന്ന് ചോര്‍ച്ച അടച്ചു. പമ്പിങ് ഒരാഴ്ചയോളമായി ഭാഗികമായാണ് നടന്നുവന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ പരിശോധനാര്‍ഥം പമ്പിങ് വര്‍ധിപ്പിച്ചപ്പോള്‍ വീണ്ടും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. പൈപ്പ് കടന്നുപോകുന്നത് റോഡിന്റെയും പുഴയുടെയും അടിയിലൂടെ ആയതുകൊണ്ട് ചോര്‍ച്ച അടയ്ക്കുക ഏറെ ദുഷ്‌കരമാണെന്ന് എന്‍ജിനീയര്‍മാര്‍ പറയുന്നു. പമ്പിങ് നിര്‍ത്തിവെച്ച് വെള്ളം വറ്റിച്ച് ഈര്‍പ്പരഹിതമാക്കിയാല്‍ മാത്രമെ ഇ.എഫ്.ജെ. മാര്‍ഗം വിള്ളല്‍ അടയ്ക്കാന്‍ കഴിയൂ. പൂര്‍ണമായും ഈര്‍പ്പരഹിതമാക്കാന്‍ കഴിയാഞ്ഞതായിരിക്കും ചോര്‍ച്ച വീണ്ടും രൂപപ്പെടാന്‍ കാരണമെന്ന് കരുതുന്നു.
അതോറിറ്റി എന്‍ജിനീയര്‍മാര്‍തന്നെ പഴയ കോളര്‍ ക്ലാമ്പ് ചികിത്സ നടത്തി താത്കാലികമായെങ്കിലും വിള്ളല്‍ അടയ്ക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. പമ്പിങ് എപ്പോള്‍ പുനരാരംഭിക്കാനാകുമെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍.