Tuesday, 6 December 2011

ജില്ലാ കേരളോത്സവത്തിന് പെരുവയലില്‍ തുടക്കം

ഡിസംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന് പെരുവയലില്‍ ഗംഭീരമായ തുടക്കം. പെരുവയലിലും പരിസരങ്ങളിലുമുള്ള വിവിധ വേദികളും മൈതാനങ്ങളും കലാകായിക മത്സരങ്ങള്‍ക്ക് സജ്ജമായി.
പെരുവയല്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ കായികമത്സരങ്ങള്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സല്യൂട്ട് സ്വീകരിച്ചു.
ജനറല്‍ കണ്‍വീനര്‍ ദിനേശ് പെരുമണ്ണ ചടങ്ങില്‍ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍, പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. പ്രേമ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ജോര്‍ജ്, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍, വൈസ് പ്രസിഡന്റ് സി.എം. സദാശിവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. രാജഗോപാലന്‍, ടി. സെയ്തൂട്ടി , പൊതാത്ത് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം രാധ ഹരിദാസ്, സെക്രട്ടറിമാരായ ജയാനന്ദ്, രാധാകൃഷ്ണന്‍, ടി. നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.ടി. സുകുമാരന്‍ സ്വാഗതവും രവികുമാര്‍ പനോളി നന്ദിയും പറഞ്ഞു.