Monday, 26 December 2011

ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തെങ്ങിലക്കടവ്: തെങ്ങിലക്കടവ് പാലത്തിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ തെങ്ങിലക്കടവ് ആമ്പിലേരി കുണ്ട്യോട്ട് അനില്‍കുമാര്‍ എന്ന ഉണ്ണി (38), ഓട്ടോ യാത്രക്കാരി മേച്ചേരിക്കുന്ന് കരിക്കതൊടി പഴുക്ക (65) എന്നിവരാണ് മരിച്ചത്. പഴുക്കയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം.
സാരമായി പരിക്കേറ്റ ഓട്ടോയാത്രക്കാരായ മേച്ചേരിക്കുന്ന് കരിക്കതൊടി സാവിത്രി, ലളിത, കാല്‍നടയാത്രക്കാരനായ കൃഷ്ണന്‍കുട്ടി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പാലത്തിന് പടിഞ്ഞാറുഭാഗത്ത് അപകടം നടന്നത്. മാവൂരില്‍നിന്ന് ചെറൂപ്പ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍ച്യൂണ്‍ കാറും മെഡിക്കല്‍ കോളജില്‍നിന്നും തെങ്ങിലക്കടവിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ പാടെ തകര്‍ന്നു. തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിയവരെ മാവൂര്‍ പൊലീസും നാട്ടുകാരും അരമണിക്കൂറിലേറെ പാടുപെട്ട് ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പരേതനായ ഗംഗാധരന്‍ നായരുടെയും രാധാമണിയുടെയും മകനാണ് മരിച്ച അനില്‍കുമാര്‍. ഭാര്യ: ബിന്ദു (അങ്കണവാടി തെങ്ങിലക്കടവ്). അബിജ ഏക മകളാണ്. സഹോദരന്‍ സുനില്‍കുമാര്‍.
പരേതനായ വെള്ളനാണ് മരിച്ച പഴുക്കയുടെ ഭര്‍ത്താവ്. മക്കള്‍: രാഘവന്‍, രവി, സുബ്രഹ്മണ്യന്‍, കൃഷ്ണന്‍കുട്ടി, ഗോപി, പരേതയായ തങ്ക. മരുമക്കള്‍: ലളിത, സാവിത്രി, ലീല, ജിഷ, ബീന.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച സംസ്കരിക്കും.