മാവൂര്‍: കല്‍പള്ളിക്കടവില്‍ ടേണിലുള്ള ലോറികളെ മറികടന്ന് കോടതി ഉത്തരവുമായി മണലെടുക്കാനെത്തിയ ലോറി മാവൂര്‍ ലോറിഡ്രൈവേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ലോറി തടഞ്ഞതോടെ കടവില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും മണലെടുപ്പ് തടസ്സപ്പെടുകയും ചെയ്തു. നേരത്തേ അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ ആരോപണവിധേയനായ ആളാണ് കോടതി ഉത്തരവുമായി കടവില്‍ മണലെടുക്കാന്‍ വന്നതെന്നതാണ് കടവിലെ മറ്റു ലോറി ഡ്രൈവര്‍മാരെ പ്രകോപിപ്പിച്ചത്. ജില്ലയില്‍ത്തന്നെ ടേണ്‍ സമ്പ്രദായം ഏറ്റവും കാര്യക്ഷമമായ നിലയില്‍ പ്രവര്‍ത്തിക്കുന്നത് മാവൂര്‍ പഞ്ചായത്തിലാണ്. അതുകൊണ്ടുതന്നെ കടവുകളില്‍ ഇത്തരത്തില്‍ ലോറികള്‍ മണലെടുക്കാനെത്തുന്നത് ഇപ്പോഴത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും. ലോറി തടഞ്ഞ സംഭവം കേട്ടറിഞ്ഞ് പഞ്ചായത്തിലെ മറ്റു കടവിലെ 193 ലോറികളിലും മണലെടുക്കുന്നത് നിര്‍ത്തിവെച്ച് തൊഴിലാളികള്‍ കൂട്ടമായി കല്‍പള്ളിക്കടവിലെത്തി. ഇവര്‍ പുതുതായെത്തിയ ലോറിക്കു മുന്നില്‍നിന്ന് മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ മാവൂര്‍ എസ്.ഐ എസ്. സജീവ് ലോറി ഡ്രൈവര്‍മാരുമായും കോടതി ഉത്തരവുമായെത്തിയ ലോറി ഉടമയുമായും സംസാരിക്കുകയും മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ വിവരമറിയിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മങ്ങാട് അബ്ദുറസാഖ് എന്നിവര്‍ കടവിലെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ നിലച്ച മണലെടുപ്പ് പുനരാരംഭിക്കാനും ഞായറാഴ്ചക്കകംതന്നെ ഡ്രൈവര്‍മാരുടെ കോഓഡിനേഷന്‍ ഭാരവാഹികളെയും കോടതി ഉത്തരവുമായി മണലെടുക്കാനെത്തിയ ലോറി ഉടമയെയും വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പരിഹരിക്കാനും ധാരണയായി. പ്രതിഷേധങ്ങള്‍ക്ക് കോഓഡിനേഷന്‍ ഭാരവാഹികളായ യു.എ. ഗഫൂര്‍, പി.ടി. റസാഖ്, ആര്‍. സജി, പ്രദീപ് ചെറൂപ്പ, പി. കൃഷ്ണദാസ്, പി. അനില്‍കുമാര്‍, കളത്തില്‍ അബ്ദുല്‍കരീം, വി.കെ. അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.