Sunday, 4 November 2012

മാവൂരില്‍ പുതിയ വ്യവസായം ഉടന്‍ -കുഞ്ഞാലിക്കുട്ടി

മാവൂര: മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമിയില്‍ പുതിയ വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം നവംബര്‍ 20ന് ഉണ്ടാകുമെന്ന് വ്യവാസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്വാളിയോര്‍ റയോണ്‍സ് ഭൂമിയില്‍ തുടങ്ങേണ്ട വ്യവസായത്തെ കുറിച്ച് കുറേ നാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കയാണ്.
തൊണ്ടയാട്ടെ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിന്‍െറ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് അഡ്വ. പി.ടി.എസ്. ഉണ്ണി അധ്യക്ഷതവഹിച്ചു. ചെമ്മണൂര്‍ ഇന്‍റര്‍നാഷനല്‍ ഗ്രൂപ് ചെയര്‍മാന്‍ ബോബി ചെമ്മണൂരിനും ഖത്തറിലെ മലയാളി വ്യവസായി പി.എ. ഷുക്കൂറിനുമുള്ള ഉപഹാരങ്ങള്‍ മന്ത്രി സമ്മാനിച്ചു.
എം.കെ. രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, മേയര്‍ എ.കെ. പ്രേമജം, പി. മമ്മദ് കോയ, എം. മുസമ്മില്‍, എ.കെ. ഫൈസല്‍, ഡോ. കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, എം. ശ്രീറാം, ടി.പി. വാസു എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ഷംസുദ്ദീന്‍ മുണ്ടോളി സ്വഗതവും ജോയന്‍റ് സെക്രട്ടറി എം.കെ. നാസര്‍ നന്ദിയും പറഞ്ഞു.