Monday, 19 March 2012

വൈദ്യുതി വിതരണത്തില്‍ ക്രമീകരണം; കോഴിക്കോട്ട് നാളെ ജലവിതരണം തടസ്സപ്പെടും

മാവൂര്‍: കോഴിക്കോട് നഗരത്തിലേക്ക് ജലവിതരണം നടത്തുന്ന കൂളിമാട് പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ച നിര്‍ത്തിവെക്കും. പമ്പ്ഹൗസിലേക്ക് മാത്രമായി വൈദ്യുതി നല്‍കുന്നതിന് അമ്പലപ്പറമ്പ് സബ്‌സ്റ്റേഷനില്‍ എയര്‍ബ്രേക്കിങ് സ്വിച്ച് (എ-ബി സ്വിച്ച്) സ്ഥാപിക്കുന്ന ജോലി നടത്തുന്നതിനാലാണിത്.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ സബ്‌സ്റ്റേഷനില്‍നിന്ന് പമ്പ്ഹൗസിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെക്കുമെന്ന് മാവൂര്‍ സെക്ഷന്‍ അധികൃതര്‍ ജലഅതോറിറ്റി അധികൃതരെ അറിയിച്ചു. വര്‍ഷങ്ങളായി അമ്പലപ്പറമ്പ് സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതിയാണ് കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ഉപയോഗിക്കുന്നത്. ഇവിടെനിന്ന് മുക്കം, ചേന്ദമംഗല്ലൂര്‍, ചെറുവാടി ഭാഗങ്ങളിലേയ്ക്കും വൈദ്യുതി വിതരണം നടക്കുന്നുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു ലൈനില്‍ അറ്റകുറ്റപ്പണി നടക്കേണ്ടിവരുമ്പോള്‍ മൊത്തം വൈദ്യുതി വിതരണം നിര്‍ത്തിവെക്കേണ്ടിവരുന്നു. ഇത് പലപ്പോഴും കൂളിമാട് പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇവിടെ എ ബി സ്വിച്ച് ഘടിപ്പിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ജല അതോറിറ്റി സ്റ്റാഫ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. ഏതാനും മാസംമുമ്പ് എം.കെ.രാഘവന്‍ എം.പി. കൂളിമാട് പമ്പിങ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ എ.ബി. സ്വിച്ച് സ്ഥാപിക്കാന്‍ വൈദ്യുതിവകുപ്പ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എ.ബി. സ്വിച്ച് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. ഇതോടെ കൂളിമാട് പമ്പിങ് സ്റ്റേഷനിലെ വൈദ്യുതി പ്രശ്‌നം പാടേ പരിഹരിക്കപ്പെടും.
അതേസമയം, പമ്പിങ്‌സ്റ്റേഷനിലെ കേടായ 500 എച്ച്.പി., 175 എച്ച്.പി. പമ്പുകളുടെ അറ്റകുറ്റപ്പണി ഇനിയും തീര്‍ന്നിട്ടില്ല. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി ഇതിന് വേണ്ടിവരും. കഴിഞ്ഞ ഇരുപതിലേലെ വര്‍ഷങ്ങളായി ജലം പാഴായി പോകുന്ന കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെ ചോര്‍ച്ചയും പുവ്വാട്ട്പറമ്പ്, ചെറൂപ്പ തുടങ്ങിയ ഭാഗങ്ങളിലുള്ള ചോര്‍ച്ചയും ചൊവ്വാഴ്ച പമ്പിങ് നിര്‍ത്തിവെക്കുന്ന സമയത്ത്തന്നെ ചെയ്തുതീര്‍ക്കാനും ജലഅതോറിറ്റി അധികൃതര്‍ ശ്രമം നടത്തിവരുന്നുണ്ട്. പമ്പിങ് പുനരാരംഭിച്ചാലും ബുധനാഴ്ചയും കോഴിക്കോട് നഗരത്തിലും മെഡിക്കല്‍ കോളേജ് ആസ്​പത്രി ഭാഗങ്ങളിലും ജലവിതരണം ഭാഗികമായേ നടക്കാനിടിയുള്ളൂ.