Tuesday, 27 March 2012

കൂളിമാടില്‍ വൈദ്യുതി ഉദ്യോഗസ്ഥരെ നിയമിച്ചില്ല; മോട്ടോര്‍ പ്രവര്‍ത്തനം അവതാളത്തില്‍

കൂളിമാട്: നഗരത്തിലെ മുഖ്യ ജലവിതരണ കേന്ദ്രമായ കൂളിമാട് പമ്പ്ഹൗസില്‍ ആവശ്യമായ വൈദ്യുതി ഉദ്യോഗസ്ഥരെ ഇനിയും നിയമിക്കാത്തത് മോട്ടോറുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. ഒന്നരവര്‍ഷം മുമ്പ് കേടായ 500 കുതിരശക്തി മോട്ടോര്‍ നന്നാക്കിയെങ്കിലും സ്റ്റാര്‍ട്ടറിന്റെ വൈദ്യുതി തകരാര്‍ കാരണം ഇത് പ്രവര്‍ത്തിപ്പിക്കാനായില്ല.
കൂളിമാട് പമ്പ്ഹൗസില്‍നിന്ന് ശുദ്ധീകരിച്ച 52 ദശലക്ഷം ലിറ്റര്‍ വെള്ളം കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷന്‍വരെ എത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ മോട്ടോര്‍. ജീവനക്കാരുടെയും തൊഴിലാളി യൂണിയനുകളുടെയും ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് ഇത് നന്നാക്കാനുള്ള നടപടിയായത്. ദിവസങ്ങള്‍ക്കുശേഷം മോട്ടോര്‍ കേടുതീര്‍ത്തെങ്കിലും ഇത് ഓടിച്ചുനോക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
മോട്ടോറിന്റെ സ്റ്റാര്‍ട്ടറിലേക്ക് വൈദ്യുതി എത്താത്തതാണ് പ്രശ്‌നം. നിലവില്‍ പമ്പിങ് സ്റ്റേഷനില്‍ വൈദ്യുതി തകരാറുകള്‍ പരിശോധിക്കുന്ന ഇലക്ട്രീഷ്യന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കയാണ്. കൂടുതല്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നാണ് അഭിപ്രായം. അതിനാകട്ടെ, കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറോ ഓവര്‍സിയര്‍മാരോ ഇല്ല. പമ്പിങ് സ്റ്റേഷനിലേക്ക് മാത്രമായി നാല് ട്രാന്‍സ്‌ഫോര്‍മറുകളുണ്ട്.

കഴിഞ്ഞ ആറുവര്‍ഷമായി അസിസ്റ്റന്റ് എന്‍ജിനീയറുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. രണ്ട് സ്ഥിരം ഓവര്‍സിയര്‍മാരുടെ തസ്തികയും ഒഴിഞ്ഞുതന്നെ. ആറുമാസം മുമ്പ് ഒരു എ.ഇ. താത്കാലികമായി നിയമനം കിട്ടി വന്നിരുന്നു. പി.എസ്.സി. നിയമനമായതോടെ അദ്ദേഹം സ്ഥലംവിട്ടു. അതിനുശേഷം പി.എസ്.സി. വഴി ഇവിടേക്ക് എ.ഇ.യെയും ഓവര്‍സിയര്‍മാരെയും നിയമിക്കണമെന്ന ആവശ്യം വിവിധ തലത്തില്‍നിന്നുണ്ടായെങ്കിലും ഒന്നും നടന്നിട്ടില്ല.
നഗരത്തില്‍ ജലക്ഷാമം കൊടുമ്പിരിക്കൊള്ളുന്ന സമയമാണിപ്പോള്‍. 500 കുതിരശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാകാത്തതുമൂലം കരുതല്‍ മോട്ടോറുകള്‍ ഓടിച്ചാണിപ്പോള്‍ ഒരുവിധം ജലവിതരണം നടത്തുന്നത്. ഇവയിലേതെങ്കിലും പണിമുടക്കിയാല്‍ പകരക്കാരനായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടേണ്ടിവരും.
കൂളിമാട് പമ്പിങ്‌സ്റ്റേഷനിലേക്ക് വൈദ്യുതി ലഭിക്കുന്നത് അമ്പലപ്പറമ്പ് സബ്‌സ്റ്റേഷനില്‍ നിന്നാണ്. ഇവിടെ എ.ബി. (എയര്‍ ബ്രേക്കര്‍) സ്വിച്ച് വെച്ചതിനാല്‍ വൈദ്യുതി പതിവായി മുടങ്ങുന്നത് ഇല്ലാതായിട്ടുണ്ട്. അതിനാല്‍ത്തന്നെ പമ്പിങ് സ്റ്റേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സിയര്‍മാരെയും നിയമിക്കേണ്ടത് വളരെ ആവശ്യമായിരിക്കുകയാണ്.