Wednesday, 20 June 2012

ഭൂകമ്പം, പരിഭ്രാന്തി

പരിസരപ്രദേശങ്ങളിലുമുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി.ഉച്ചയ്ക്ക് രണ്ടേകാലിനുശേഷം ഒരു മുഴക്കത്തോടെയാണ് ഭൂചലനമുണ്ടായത്. മഴക്കാലമായതിനാല്‍ ഇടിമുഴക്കമാണെന്നാണ് പലരും സംശയിച്ചത്. എന്നാല്‍, ഇരിപ്പിടങ്ങള്‍ ഇളകുകയും പാത്രങ്ങള്‍ നിലത്തുവീഴുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി. പലരും വീടുവിട്ട് മുറ്റത്തിറങ്ങി.
പുറക്കാട്ടിരി മുതല്‍ കടലുണ്ടിവരെ ഏതാണ്ട് 40 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. വീടുകളുടെ ഭിത്തിയില്‍ വിള്ളലുണ്ടായി. നഗരത്തില്‍ മതിലിടിയുകയും കിണര്‍ താഴുകയും ചെയ്തു. നല്ലളത്ത് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

മീഞ്ചന്ത, കല്ലായ് ഭാഗത്തുനിന്നാണ് ഭൂചലനം സംബന്ധിച്ച് പത്രഓഫീസുകളിലേക്ക് ഫോണ്‍ വന്നത്. പിന്നീടത് വ്യാപിച്ചു. പലര്‍ക്കും പലതരത്തിലുള്ള അനുഭവങ്ങളായിരുന്നു.
നല്ലളം സബ്‌സ്റ്റേഷനു സമീപം ആനറോഡിലെ വില്ലാടത്ത് സൈനബയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പാവങ്ങാട്ട് ഒരു വീടിന്റെ കിണര്‍ ഇടിഞ്ഞു. പുറായില്‍ ശിവന്റെ കിണറാണ് ഇടിഞ്ഞത്. ബേപ്പൂരില്‍ നടുവട്ടത്ത് വിശ്വനാഥന്റെ വീടിന്റെ ഭിത്തിയില്‍ വിള്ളലുണ്ടായി. കണ്ണഞ്ചേരി അമ്പലത്തിനടുത്തവീടിന്റെ വാതിലുകള്‍ കുലുക്കത്തില്‍ ഇടിഞ്ഞു.

സ്‌കൂള്‍ സമയമായതിനാല്‍ സ്‌കൂള്‍ കുട്ടികളും പരിഭ്രാന്തരായി. മാറാട് ജി.എഫ്. എല്‍.പി.സ്‌കൂളില്‍ കുലുക്കം ഉണ്ടായ ഉടനെ അധ്യാപകര്‍ കുട്ടികളെ ക്ലാസ്മുറികളില്‍ നിന്നു പുറത്തിറക്കി. എല്ലാ സ്‌കൂളുകളിലും അധ്യാപകര്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കി.

പയ്യാനക്കലില്‍ പീടികകളില്‍ വെച്ച കുപ്പികള്‍ തിരിയുന്നതായിട്ടാണ് അനുഭവപ്പെട്ടത്. മീഞ്ചന്തയില്‍ നിലത്തു നിന്നവര്‍ക്ക് കാലില്‍ തരിപ്പ് അനുഭവപ്പെട്ടു. ഇരിപ്പിടങ്ങള്‍ കുലുങ്ങിയതാണ് പൊതുവേ ഉണ്ടായ അനുഭവം. ഉച്ചസമയമായതിനാല്‍ പലരും തീന്‍മേശയുടെ ചുറ്റുമായിരുന്നു. കറിപ്പാത്രങ്ങള്‍ മേശപ്പുറത്ത് നിന്ന് ഇളകുകയും നിലത്തുവീണതുമാണ് അവര്‍ക്കുണ്ടായ അനുഭവം.
കടലുണ്ടി, രാമനാട്ടുകര, തിരുവണ്ണൂര്‍, പയ്യനാക്കല്‍, നല്ലളം, കെ.ടി. താഴം, വാവൂര്‍ റോഡ്, എലത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം പരിഭ്രാന്തി പടര്‍ത്തി. തിരുവണ്ണൂരില്‍ ഒരു വീടിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.
നല്ലളം സബ്‌സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടുപറമ്പില്‍ നൗഫല്‍മന്‍സിലില്‍ മൊയ്തീന്‍കോയയുടെ വീട്ടിലെ റിങ്കിണറിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു.കെട്ടിടത്തിന്റെ താഴത്തെ നിലയേക്കാള്‍ തീവ്രമായ അനുഭവം മുകളിലെ നിലയില്‍ ഉള്ളവര്‍ക്കായിരുന്നു. ഫ്‌ളാറ്റുകളിലെ ഫാനുകള്‍ ഇളകിയാടി.