Wednesday, 18 July 2012

നാട്ടുകാരും ജീവനക്കാരും തമ്മിലുള്ള കശപിശ: മാവൂര്‍ -കുന്ദമംഗലം റൂട്ടില്‍ ബസ്സോട്ടം നിലച്ചു

മാവൂര്‍:ബസ്ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ കശപിശയെ തുടര്‍ന്ന് ചൊവ്വാഴ്ച മാവൂര്‍ - കുന്ദമംഗലം റൂട്ടില്‍ ബസുകള്‍ സര്‍വീസ്‌നടത്തിയില്ല. മാവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച വൈകുന്നേരം ഈ റൂട്ടിലോടുന്ന ബസ്ജീവനക്കാരെ കയ്യേറ്റം ചെയ്തതായി ജീവനക്കാര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഈ റൂട്ടിലോടുന്ന മറ്റ് മൂന്ന് ബസുകള്‍ സര്‍വീസ് നിര്‍ത്തി. വിദ്യാര്‍ഥികളുമായുണ്ടായ പ്രശ്‌നം പിന്നീട് മാവൂര്‍ പോലീസ് ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എങ്കിലും ബസുകാരുടേത് മിന്നല്‍പണിമുടക്കാണെന്നും റൂട്ടിലേ യാത്രക്കാര്‍ക്കിത് ഏറെ പ്രയാസമുണ്ടാക്കിയതായും ആരോപിച്ച് വെള്ളന്നൂരിലും കണ്ണിപറമ്പിലും ചൊവ്വാഴ്ച കാലത്ത് നാട്ടുകാരും ബസ് തടഞ്ഞു. ഇതില്‍ ക്ഷുഭിതരായ ബസ് ജീവനക്കാര്‍ നടുറോഡില്‍ കുറുകെ ബസ് നിര്‍ത്തിയിട്ട് കടന്നുകളഞ്ഞു. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ കുന്ദമംഗലം പോലീസ് റിക്കവറിവാനുമായി സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത ബസ് പിഴചുമത്തി പിന്നീട് പോലീസ് വിട്ടുകൊടുത്തു. പിന്നീട് നാട്ടുകാരെയും ബസ്ജീവനക്കാരെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം ഒത്തുതീര്‍ത്തു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.